തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക പകുതിയായി കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക ആയിരത്തിൽ നിന്നും അഞ്ഞൂറ് രൂപആക്കിയേക്കും.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവരുടെ പിഴത്തുക അയ്യായിരത്തിൽ നിന്ന് മൂവായിരമോ രണ്ടായിരമോ ആക്കാനാണ് ആലോചിക്കുന്നത്. ഇതോടൊപ്പം പെർമിറ്റ് ലംഘനം, ഓവർലോഡ് എന്നിവയുടെ പിഴയും കുറച്ചേക്കും. പെർമിറ്റ് നിയമലംഘനത്തിനുള്ള പിഴ പതിനായിരത്തിൽ നിന്ന് അയ്യായിരമാക്കാനാണ് ഉദ്ദേശിക്കുന്നത്.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ പിഴ കുറയ്ക്കില്ല. ഇതു പതിനായിരമായി തന്നെ നിലനിർത്തിയേക്കും. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം വരുന്ന തിങ്കളാഴ്ച ഉണ്ടാകും. ഗതാഗതമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായും എൽഡി.എഫ് നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമായിരിക്കും പ്രഖ്യാപനം.
ഗതാഗത നിയമം ലംഘിച്ചാലുള്ള ഉയർന്ന പിഴത്തുക ഉടൻ ഈടാക്കില്ലെന്ന് സംസ്ഥാന ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മോട്ടോർ വാഹന നിയമ ഭേദഗതിയിൽ കേന്ദ്രസർക്കാരിൽ നിന്നു വ്യക്തത വരുന്നതുവരെ ഉയർന്ന പിഴ ഈടാക്കില്ലെന്നാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചത്.
കേന്ദ്രം പുതിയ ഉത്തരവിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ബോധവത്കരണം തുടരും. കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തീരുമാനം സ്വാഗതാർഹമാണ്. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുക സംസ്ഥാനങ്ങൾക്കു നിശ്ചയിക്കാമെന്നു ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞതിനു പിന്നാലെയാണ് എകെ ശശീന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.