സാഹസികയാത്ര! ഹെല്‍മറ്റില്ലാതെ വന്ന യാത്രക്കാരിയെ തടഞ്ഞ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; സംഭവം ‘ലോകസാക്ഷരക്കാരൊക്കെ’ തിങ്ങിപ്പാര്‍ക്കുന്ന കോട്ടയത്ത്

രണ്ട് ചക്രത്തിലോടുന്ന, ഓടിക്കുന്നയാളുടെ ബാലൻസിൽ മാത്രം മറിയാതെ പായുന്ന ഇരുചക്ര വാഹന യാത്ര തന്നെ ഞാണിന്മേൽകളിയാണ്. അപ്പോൾ ഇത്തിരിപ്പോന്ന സ്കൂട്ടറിന്‍റെ മുന്നിലെ പ്ലാറ്റ്ഫോമിൽ കൊച്ചുകുഞ്ഞിനെ ഇരുത്തി യാത്ര ചെയ്താലോ! അപകടം ഓട്ടോ വിളിച്ച് സ്പോട്ടിലെത്തുമെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ ഇത്തരത്തിലൊരു ഞെട്ടിക്കുന്ന കാഴ്ച മോട്ടോർ‌വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കാണേണ്ടിവന്നു. “ലോകസാക്ഷരക്കാരൊക്കെ’ തിങ്ങിപ്പാർക്കുന്ന കോട്ടയത്തുതന്നെയാണ് ഈ കാഴ്ച.

നഗരത്തിലെ സ്കൂളിൽ കുട്ടിയെ വിട്ടിട്ട് ഹെൽമറ്റില്ലാതെ വന്ന യാത്രക്കാരിയെ തടഞ്ഞുനിർത്തിയ മോട്ടോർവാഹന വകുപ്പിന്‍റെ പ്രത്യേകസംഘം കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. ആക്ടീവ സ്കൂട്ടറിന്‍റെ പ്ലാറ്റ്ഫോമിൽ ഒരു കൊച്ചു കുഞ്ഞ് ഇരിക്കുന്നു. നിയമങ്ങൾ കാറ്റിൽപറത്തി ഹെൽമറ്റ് പോലും ധരിക്കാതെ യാത്രചെയ്തതിനു പുറമേയാണ് കുഞ്ഞിന്‍റെ ജീവൻ പോലും അപകടത്തിലാക്കുന്ന തരത്തിലുള്ള സാഹസികത.

സ്കൂട്ടർ ഒന്നു വളവു തിരിയുകയോ വെട്ടിക്കുകയോ ചെയ്താൽ നിലത്തിരിക്കുന്ന കുഞ്ഞ് തെറിച്ചുവീഴാനുള്ള സാധ്യത ഏറെയാണ്. നാലുവയസുള്ള കുഞ്ഞിനെ പോലും ഹെൽമറ്റ് ധരിപ്പിച്ച് സുരക്ഷിതമാക്കാൻ അധികൃതർ ആവശ്യപ്പെടുമ്പോഴാണ് അതിലും ചെറിയ കുഞ്ഞിനെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അപകടകരമായ രീതിയിൽ ഇവർ കൊണ്ടുപോയത്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ് ഈ ചിത്രം പകർത്തിയത്.

ഗതാഗത നിയമലംഘനങ്ങളുടെ പിഴ ഉയർത്തിയതും ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രികർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയതും അടുത്തിടെയാണ്. ഗതാഗതനിയമങ്ങൾ പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അവയുടെ സുരക്ഷാപരമായ പ്രാധാന്യത്തെക്കുറിച്ചും സർക്കാരും ഗതാഗതവകുപ്പും പോലീസും നിരവധി ബോധവത്കരണങ്ങളും നടത്തുന്നുണ്ട്. നല്ലൊരു ശതമാനം ജനങ്ങളും റോഡ് നിയമങ്ങൾ പാലിക്കുമ്പോഴും കുറച്ചുപേർ അത് കണ്ടില്ലെന്നു നടിക്കുകയാണ്.

സ്വന്തം സുരക്ഷ മാത്രമല്ല, ഒപ്പമുള്ളവരുടെ ജീവനുപോലും വില കല്പിക്കാതെയാണ് പലരുടെയും യാത്ര. റോഡ് സുരക്ഷ ഉറപ്പുവരുത്താൻ സർക്കാരിനും പോലീസിനും മാത്രമല്ല പൊതുജനങ്ങൾക്കും ബാധ്യതയുണ്ട്. റോഡ് നിയമങ്ങൾ നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. അത് കാറ്റിൽപറത്തിയുള്ള ഇത്തരം സാഹസികയാത്രകൾ നമുക്ക് വേണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

Related posts