ചങ്ങനാശേരി: യൂണിഫോം ധരിക്കാതെ ടാക്സി വാഹനം ഓടിക്കുന്നവർക്കും ചെറിയ ഓട്ടം വിളിച്ചാൽ വിസമ്മതിക്കുകയും അമിത ചാർജ് ഈടാക്കുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ പോലീസ് സുരക്ഷാസമിതി യോഗം തീരുമാനിച്ചു.
രാത്രി 11 നുശേഷം തുറന്നിരിക്കുന്ന തട്ടുകടകളുടെ പേരിൽ നടപടിയെടുക്കും. രൂപമാറ്റം വരുത്തിയതും അമിതശബ്ദമുണ്ടാക്കി പായുന്നതുമായ ഇരുചക്രവാഹനങ്ങളുടെ പേരിൽ നടപടി സ്വീകരിക്കും. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാൻ കർശന നടപടിയുണ്ടാകും. ഇടവഴികളിലേക്ക് വാഹന പരിശോധന വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു.
മാർക്കറ്റിൽ രാവിലെ എട്ടുമുതൽ 12 വരെയും മതുമൂലയിൽ തിരക്കുള്ള സമയത്തും ട്രാഫിക്ക് പോലീസിനെ നിയോഗിക്കും. മോഷണവും മറ്റ് ക്രിമിനൽ കുറ്റങ്ങളും തടയുന്നതിന് പോലീസ് സുരക്ഷാസമിതി, മർച്ചന്റ് അസോസിയേഷൻ, റസിഡന്റ്സ് അസോസിയേഷൻ, വിവിധ ക്ലബ്ബുകൾ, സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രധാന ജംഗ്ഷനുകളിൽ സിസി ടിവി കാമറകൾ സ്ഥാപിക്കും.
പ്രഭാത സവാരിക്കിറങ്ങുന്നവർ ഡ്രൈവർമാർക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്ന രീതിയിലുള്ള റിഫ്ളക്ഷൻ ഉള്ളതും തെളിച്ചമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കണമെന്നും ഇരുണ്ട വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കണമെന്നും യോഗം നിർദേശിച്ചു.
താലൂക്ക് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രഫ.എസ്. ആനന്ദക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി എൻ. രാജൻ യോഗം ഉദ്ഘാടനം ചെയ്തു. എസ്ഐ എൻ. സജീവൻ, സിആർഒ എഎസ്ഐ സി. മുരുകൻ, ജി. ലക്ഷ്മണൻ, ബിജു ആന്റണി, ടോമിച്ചൻ അയ്യരുകുളങ്ങര, ജോസഫ് കൈനിക്കര, അഡ്വ.മധുരാജ്, ജോസഫ് ഇഞ്ചിപ്പറന്പിൽ, എം.എസ്. അലിറാവുത്തർ, അബ്ദുൾ നിസാർ, സന്തോഷ്, സ്കറിയാ ആന്റണി വലിയപറന്പിൽ എന്നിവർ പ്രസംഗിച്ചു.