മുക്കം: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുമ്പോൾ മലയോര മേഖലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു.പോലീസിനൊപ്പം വ്യാപാരികളും കടകളിൽ ബോധവൽക്കരണം നടത്തുന്നുണ്ട്. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കടകളിൽ തിരക്ക് വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് വ്യാപാരി സംഘടന നേതാക്കൾ കൂടി ബോധവൽക്കരണത്തിനിറങ്ങിയത്.
കടകളിൽ സാമൂഹ്യ അകലം പാലിക്കേണ്ടതിനെ കുറിച്ചും മസ്ക് ഉപയോഗത്തെ കുറിച്ചും വ്യാപാരികൾക്ക് ബോധവൽക്കരണം നൽകി. ഒപ്പം സിനിറ്റൈസർ, സോപ്പ് വെള്ളം എന്നിവ ഓരോ കടകളിലും ഉണ്ടാവേണ്ടതിൻ്റെ ആവശ്യകതയും വ്യാപാരികളെ ബോധ്യപ്പെടുത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ കെ.സി. നൗഷാദ്, എം.കെ. സിദീഖ്, വ്യാപാരി വ്യവസായി സമിതി നേതാക്കളായ ശശീധരൻ, ടി.എ. അശോക് എന്നിവരാണ് പോലീസിനോടൊപ്പം ചേർന്ന് ഷോപ്പുകളിൽ കയറി ബോധവത്കരണം നടത്തിയത്.
അതിനിടെ തിരുവമ്പാടിയിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പഞ്ചായത്തിൽ രോഗബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തികൾ കേന്ദ്രീകരിച്ചാണ് വലിയ തോതിൽ പരിശോധനകൾ നടക്കുന്നത്.
അത്യാവശ്യക്കാരെ മാത്രമേ പഞ്ചായത്തിലേക്ക് പോലീസ് കടത്തിവിടുന്നുള്ളു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് താക്കീതും പിഴയും ചുവത്തുന്നുണ്ട്.