കണ്ണൂർ: കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരുന്നതുവരെ ഗതാഗത നിയമലംഘനത്തിനു പുതുക്കിയ പിഴനിരക്ക് ഈടാക്കില്ലെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. പുതിയ പിഴനിരക്ക് അശാസ്ത്രീയവും യുക്തിരഹിതവുമാണെന്നും മന്ത്രി പറഞ്ഞു.
ഉയർന്ന പിഴയുമായി ബന്ധപ്പെട്ടു രാജ്യവ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പിഴത്തുക സംസ്ഥാനങ്ങൾക്കു നിശ്ചയിക്കാമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വാക്കാൽ പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയില്ല. ഉത്തരവു ലഭിക്കും വരെ ഉയർന്ന പിഴ ഈടാക്കാതെ ബോധവത്കരണം മാത്രം നടത്താനാണു സർക്കാരിന്റെ തീരുമാനം.
കേന്ദ്രനിയമ ഭേദഗതിയെക്കുറിച്ചു പഠിക്കാൻ ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടുകൂടി പരിഗണിച്ചാകും അന്തിമ നടപടി.
കേന്ദ്രത്തിൽനിന്ന് അനുകൂല ഉത്തരവു ലഭിച്ചാൽ പിഴത്തുക 40 മുതൽ 60 ശതമാനം വരെ കുറയ്ക്കാനാണു സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. അതേസമയം, മദ്യപിച്ചു വാഹനമോടിക്കൽ, അപകടകരമായ തരത്തിൽ വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള പിഴ കുറയ്ക്കേണ്ടെതില്ലെന്ന നിലപാടിലാണു സംസ്ഥാന സർക്കാർ.
ഗതാഗത നിയമലംഘനത്തിനുള്ള ഉയർന്നപിഴയിൽ ഇളവ് ഒറ്റത്തവണ മാത്രം നൽകിയാൽ മതിയെന്ന് മോട്ടർ വാഹന വകുപ്പ് നിർദേശിച്ചിട്ടുണ്ട്. തെറ്റ് വീണ്ടും ആവർത്തിച്ചാൽ ഉയർന്ന പിഴത്തുക ഈടാക്കണം.
സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്യാനുള്ള പിഴ തുക 1,000 എന്നത് 500 രൂപയാക്കി കുറച്ചേക്കും. ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്ന് ഒരു ദിവസം കഴിഞ്ഞു പിടിക്കപ്പെട്ടാൽ 10,000 രൂപ ഈടാക്കാനാണു കേന്ദ്രനിയമം നിർദേശിക്കുന്നത്. ഇതും കുറയ്ക്കുമെന്നാണു വിവരം.