കാസർഗോഡ്: പുതിയ ഗതാഗതനിയമം നടപ്പിൽ വന്നതിനുശേഷം ആദ്യത്തെ ആറു ദിവസം കൊണ്ട് ജില്ലയിൽ പിഴയിട്ടത് 2.28 ലക്ഷം രൂപ. 126 പേരാണ് ഈ ദിവസങ്ങളിൽ നിയമലംഘനത്തിന് പിടിയിലായത്. കൈയിൽ പണമില്ലാത്തവർക്ക് ആർടിഒ ഓഫീസുകളിലെത്തി പിഴത്തുക അടയ്ക്കാൻ ഒരാഴ്ചത്തെ സാവകാശം നൽകിയിട്ടുണ്ട്.
നിശ്ചിതദിവസത്തിനുള്ളിൽ തുക അടയ്ച്ചില്ലെങ്കിൽ കേസ് കോടതിയിലെത്തിക്കാനാണ് തീരുമാനം. എന്നാൽ ഇത് ഗതാഗതവകുപ്പിനും പോലീസിനും കനത്ത ജോലിഭാരം സൃഷ്ടിക്കുമെന്ന ആശങ്ക ഉദ്യോഗസ്ഥർക്കുണ്ട്. ഹെൽമെറ്റും സീറ്റ്ബെൽറ്റും ധരിക്കാതെ യാത്രചെയ്തുവെന്ന കാര്യം കോടതിയിൽ തെളിയിക്കണമെങ്കിൽ കൃത്യസമയത്തു ചിത്രീകരിച്ച വ്യക്തമായ വീഡിയോ ചിത്രങ്ങൾ തന്നെ ഹാജരാക്കേണ്ടതായിവരും. നിരീക്ഷണ കാമറകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഇതു പ്രായോഗികമായി ബുദ്ധിമുട്ടാണ്.
ഇരുചക്രവാഹനങ്ങൾ ഓടിക്കുന്പോൾ ഹെൽമെറ്റ് വയ്ക്കാത്തതിന് 52, കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 19, ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 15, ആവശ്യമായ രേഖകൾ സൂക്ഷിക്കാത്തതിന് ഒന്പത്, മൊബൈലിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചതിന് അഞ്ച് എന്നിങ്ങനെയാണ് ആറുദിവസം കൊണ്ട് ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.
ഓണാഘോഷവേളകളിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് ഗതാഗതവകുപ്പിന്റെയും പോലീസിന്റെയും തീരുമാനം.