സ്വന്തം ലേഖകൻ
തൃശൂർ: ഓണാഘോഷങ്ങൾ അതിരുവിട്ട് ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാൻ കർശന നിരീക്ഷണവുമായി സിറ്റി പോലീസ്. ചൊവ്വാഴ്ച മുതൽ പുലിക്കളി നടക്കുന്ന ശനിയാഴ്ച വരെ ജില്ലയിൽ കർശന വാഹന പരിശോധന നടക്കും.
സുരക്ഷയ്ക്ക് എണ്ണൂറു പോലീസുകാരെ അധികമായി നിയോഗിച്ചിട്ടുണ്ട്. പെറ്റി കേസുകളിൽ പിഴത്തുക വർധിപ്പിച്ചതു മറക്കേണ്ടെന്നും ഇനി നിയമലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് ഓർമിപ്പിക്കുന്നു.
റോഡിലും പൊതുസ്ഥലങ്ങളിലും അനുമതിയില്ലാതെ ആഘോഷങ്ങൾ ശ്രദ്ധയിൽപെട്ടാൽ പോലീസ് നടപടിയെടുക്കും. വിനോദയാത്രകളിലും, ജലാശയങ്ങളിലെ ആഘോഷങ്ങളിലും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കണം.
ഡ്രൈവിംഗിൽ കരുതൽ വേണം. മദ്യപിച്ചു വാഹനമോടിക്കരുത്. ഓണാഘോഷങ്ങളിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറുന്നതിനെതിരേ കരുതലുണ്ടാകണം. പിടിച്ചുപറി, പോക്കറ്റടി, സ്ത്രീകളെ ശല്യം ചെയ്യൽ മുതലായവ നിരീക്ഷിക്കണം. രാത്രി പത്തിനുശേഷം മൈക്ക് ഉപയോഗിക്കരുത്.
വ്യാജമദ്യ വില്പന കണ്ടാൽ പോലീസിനെ അറിയിക്കണം. ശല്യക്കാരായ മദ്യപരേയും ഗതാഗതത്തിനു തടസമുണ്ടാക്കുന്ന ആഘോഷങ്ങളും നിയമ വിരുദ്ധമാണ്. സമയ പരിധി കഴിഞ്ഞ് ബാറുകളും മദ്യവില്പനശാലകളും പ്രവർത്തിക്കരുത്. 21 വയസിനു താഴെയുള്ളവർക്കു മദ്യം വിതരണം ചെയ്യരുത്. ഇരുചക്രവാഹനങ്ങളിൽ രണ്ടിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യരുത്. അമിതവേഗത്തിൽ വാഹനമോടിക്കരുത്.
സദാസമയവും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിലെ 112 എന്ന നന്പരിൽ വിളിക്കാം. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പ്രധാന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് സാന്നിധ്യം ഉണ്ടാകും. എല്ലായിടത്തും പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്ര അറിയിച്ചു.