തിരുവനന്തപുരം: മോട്ടോർ വാഹന നിയമഭേദഗതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ പുനഃപരിശോധനാ സാധ്യത തേടുന്നുണ്ടെങ്കിലും ഓണക്കാലത്ത് നടത്തുന്ന പരിശോധനയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നു മോട്ടോർ വാഹന വകുപ്പ്. സാധാരണ നിയമ ലംഘനങ്ങൾക്കുള്ള കനത്ത പിഴയിൽ ഓണക്കാലത്ത് ഇളവുണ്ടാകുമെങ്കിലും മദ്യപിച്ചു വാഹനമോടിക്കൽ, അമിതവേഗം, അപകടകരമായ ഡ്രൈവിംഗ് എന്നീ കുറ്റകൃത്യങ്ങളുടെ പിഴക്കാര്യത്തിൽ ഓണക്കാലത്തും ആനുകൂല്യം ലഭിക്കില്ല.
നിസാര നിയമലംഘനങ്ങൾക്കു ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവിധം ഓണക്കാലത്തു പിഴയിടേണ്ടതില്ലെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതിൽ ചേർന്ന ഉന്നത തലയോഗത്തിലുണ്ടായത്. എന്നാൽ, പരിശോധനയും പിഴയും പൂർണമായും ഒഴിവാക്കുന്നത് ഓണക്കാലത്ത് പൊതുനിരത്തിൽ വ്യാപക നിയമലംഘനങ്ങൾക്കും അപകടങ്ങൾക്കും ഇടയാക്കുമെന്നാണ് മോട്ടാർ വാഹനവകുപ്പിന്റെ വിലയിരുത്തൽ.
കേന്ദ്ര മോട്ടോർ വാഹനചട്ട ഭേദഗതി പ്രകാരമുള്ള പിഴ പ്രാബല്യത്തിൽ വന്നതിനാലും ഇതു സംബന്ധിച്ചു സംസ്ഥാനം വിജ്ഞാപനമിറക്കിയതിനാലും നിരക്കിൽ കുറച്ച് പിഴ ഈടാക്കാൻ സംസ്ഥാനങ്ങൾക്കു കഴിയില്ല. പിഴയിടൽ ഒഴിവാക്കൽ മാത്രമാണു പ്രയോഗികം.
ഈ സാഹചര്യത്തിലാണ് തത്കാലത്തേക്ക് ഇളവ് വരുത്തുന്നത്. ഇതോടൊപ്പം ബോധവത്കരണ കാമ്പെയിനായി പരിശോധന മാറ്റാനും ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. പിഴത്തുകയിൽ ഇളവുനൽകുന്നതിനുള്ള ഓർഡിനൻസ് നടപടികളും സമാന്തരമായി പുരോഗമിക്കുകയാണ്.
പിഴനിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മോട്ടോർ വാഹനനിയമഭേദഗതി നടപ്പാക്കിയ ശേഷമുള്ള ആറു ദിവസം സംസ്ഥാനസർക്കാരിന് പിഴയിനത്തിൽ ലഭിച്ചത് 45 ലക്ഷം രൂപയാണ്. ഇത് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലൂടെ മാത്രം ലഭിച്ച തുകയാണ്. പോലീസിന്റെ കണക്ക് പുറത്തുവരാനുണ്ട്. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നവരുടെ എണ്ണം വർധിച്ചതായും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.
ഈ ആറു ദിവസത്തിനിടെ കൂടുതൽ പിഴ ഈടാക്കിയത് അമിതഭാരത്തിനാണ്. മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്ര നിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്.