ബാബു ചെറിയാൻ
കോഴിക്കോട്: മോട്ടോർ വാഹന നിയമലംഘനങ്ങളിലെ പിഴത്തു ക ഇരട്ടിയും അതിലധികവുമായി വർധിപ്പിച്ചതിൽ ചിലത് കുറച്ച കേരളത്തിന്റെ നീക്കത്തിനെതിരേ കർശന നിലപാടെടുത്ത് കേന്ദ്ര സർക്കാർ. ഗുജറാത്ത് അടക്കം മറ്റു ചില സംസ്ഥാനങ്ങളും പഴി കുറച്ചിരുന്നു.
സെപ്റ്റംബർ ഒന്നിന് നിലവിൽ വന്ന മോട്ടോർവാഹനനിയമ ഭേദഗതി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മാറ്റമി ല്ലാതെ പൂർണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അണ്ടർ സെക്രട്ടറി എസ്.കെ. ഗീവ ജനുവരി ആറിന് സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
പാർലമെന്റ് പാസാക്കിയ ഒരു നിയമവും മറികടക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും അങ്ങനെ വന്നാൽ അത് ഇന്ത്യൻ ഭരണഘടനയുടെ 356-ാം അനുഛേദ പ്രകാരം നടപടിക്കു വകുപ്പുണ്ടെന്നും രാഷ്ട്രപതിയുടെ അനുമതിയോടെ മാത്രമേ സംസ്ഥാനങ്ങൾക്ക് കേന്ദ്രനിയമങ്ങളിൽ ഇളവ് നേടാനാകൂവെന്നും എംവിഎൽ പിടി-8 നമ്പരിലുള്ള കത്തിൽ വ്യക്തമാക്കുന്നു.
കേരള പ്രിൻസിപ്പൽ സെക്രട്ടറി, ഗതാഗത സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർക്കാണ് നോട്ടീസ്. അറ്റോർണി ജനറലിന്റെ അഭിപ്രായം തേടിയശേഷമാണ് ഇത്തരത്തിൽ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതോടെ, ട്രാഫിക് നിയമലംഘനത്തിന് ഉയര്‍ന്ന പിഴ അടങ്ങുന്ന 63 നിബന്ധനകളോടെ 2019 ഓഗസ്റ്റ് 21ന് പുറത്തിറക്കിയതും സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വന്നതുമായ കേന്ദ്ര മോട്ടോര്‍ വാഹന നിയമം കേരളത്തിലും പൂർണമായി നടപ്പാക്കേണ്ടിവരും.
ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് വന്‍പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതോടെ പിഴ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന പ്രസ്താവന വന്നിരുന്നു. ഇതേത്തുടർന്ന് ചില നിയമലംഘനങ്ങൾക്ക് സംസ്ഥാനം ഇളവ് അനുവദിക്കുകയും അത് ക്വാറി മാഫിയകളെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയരുകയും ചെയ്തിരുന്നു.
പുതുക്കിയ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 194(2) പ്രകാരം ഓവർലോഡ് കയറ്റിയ വാഹനം പരിശോധകർ കൈകാണിച്ചിട്ടും നിർത്താതെപോയാൽ ഒടുക്കേണ്ടിയിരുന്ന 40,000 രൂപ യുടെ പിഴ പകുതിയായി കേരളം കുറച്ചിരുന്നു.
ഏഴു ടൺ ഓവർലോഡ് കയറ്റിയാൽ നിയമപ്രകാരം 20,500 രൂപയാണു പിഴ. എന്നാൽ ഏഴുടണ്ണിലധികമുണ്ടെങ്കിൽ വാഹനം നിർത്താതെ പോയാലും കേവലം 20,000 രൂപ പിഴയടച്ചാൽ മതിയെന്നു വന്നതോടെ വൻതോതിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
356-ാം വകുപ്പ്
സംസ്ഥാന ഭരണം കേന്ദ്രത്തിന് ഏറ്റെടുക്കാൻ അധികാരം നൽകുന്ന വകുപ്പാണ് ഭരണഘടനയുടെ 356-ാം വകുപ്പ്. ഭരണഘടനാ വ്യവസ്ഥകൾക്കനുസൃതമായി സംസ്ഥാന ഭരണം നടക്കുന്നില്ലെന്നു രാഷ്ട്രപതിക്ക് ബോധ്യപ്പെട്ടാൽ സംസ്ഥാന ഭരണം രാഷ്ട്രപതിക്ക് ഏറ്റെടുക്കാമെന്നാണ് ഈ വകുപ്പ് പറയുന്നത്.
കേന്ദ്രം നൽകുന്ന നിർദേശങ്ങൾ പാലിക്കാതെ വരുന്നതും 356-ാം വകുപ്പനുസരിച്ചുള്ള നടപടിയെ ക്ഷണിച്ചുവരുത്തുന്നതാണ്. ഭരണഘടന 256, 257 വകുപ്പുകൾ പ്രകാരം കേന്ദ്രം പാസാക്കുന്ന നിയമങ്ങളും നൽകുന്ന നിർദേശങ്ങളും പാലിക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥമാണ്.