പത്തനാപുരം:നഗരഹൃദയത്തിലെ വാഹന പരിശോധന, പൊലിഞ്ഞത് വീട്ടമ്മയുടെ ജീവന്;പ്രതിഷേധം വ്യാപകം.പത്തനാപുരം നഗരഹൃദയത്തിലെ വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ച് നിര്‍ത്തിയ ഇരുചക്രവാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയ ടാറ്റാ സുമോ ഇടിച്ച് പരിക്കേറ്റാാാണ് പുളിവിള അയത്തില്‍ തേക്കുവിള മേരിലാന്റില്‍ കുഞ്ഞുമോന്റെ ഭാര്യ ലാലമ്മ(47)മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്.പത്തനാപുരം ജംഗ്ഷനിലെ പഴയ പോലീസ് സ്റ്റേഷന് സമീപമാണ് പോലീസ് വാഹന പരിശോധന നടത്തുന്നത്.ഇത് വ്യാപാരത്തിന് തടസമുണ്ടാക്കുന്നെന്ന് ആരോപിച്ച് വ്യാപാരികള്‍ മുന്‍പും പ്രതിഷേധവുമായി എത്തിയിരുന്നു.വാളകം പത്തനാപുരം ശബരിബൈപാസ് വന്നുചേരുന്ന വളവിലാണ് പരിശോധന.പെട്ടെന്ന് പോലീസ് കൈകാണിക്കുന്നതുമൂലം അപകടങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്.
ഇത്തരത്തില്‍ വളവ് തിരിഞ്ഞെത്തിയ ടാറ്റാ സുമോയാണ് ബൈക്കിലിടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റവേ റോഡ് മുറിച്ചുകടക്കുകയായിരുന്ന ലാലമ്മയെയും മകള്‍ ലിഞ്ചു(23)വിനെയും ഇടിച്ചുതെറിപ്പിച്ചത്.ഇരുവരെയും വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ ലാലമ്മ മരിക്കുകയായിരുന്നു.അപകട വളവിലെ പോലീസ് പരിശോധന അവസാനിപ്പിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.