സ്വന്തം ലേഖകൻ
കോഴിക്കോട്: പുതിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ 2019 അനുസരിച്ച് പുതുക്കിയ ട്രാഫിക് നിയമലംഘന പിഴകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ:
നിയമം ലംഘിച്ചാലുള്ള (177) മിനിമം പിഴ 100 രൂപയില്‍നിന്ന് 500 രൂപയായി. റോഡ് നിയന്ത്രണ ലംഘന നിയമങ്ങള്‍ (177 എ) 100 രൂപയില്‍നിന്ന് 500 രൂപയാക്കി.
ടിക്കറ്റില്ലാതെ യാത്ര (178) ചെയ്താലുള്ള പിഴ 200 രൂപയില്‍നിന്ന് 500 രൂപയായും അധികാരികളുടെ ഉത്തരവുകളുടെ ലംഘനം(179) 500 രൂപയില്‍നിന്ന് 2000 രൂപയായും ലൈസന്‍സില്ലാത്ത വാഹനങ്ങളുടെ അനധികൃത ഉപയോഗം (180) 1000 രൂപയില്‍നിന്ന് 5000 രൂപയായും ലൈസന്‍സില്ലാതെ ഡ്രൈവിംഗ് (181) 500 രൂപയില്‍നിന്ന് 5000 രൂപയായും ഡ്രൈവിംഗ് യോഗ്യതയില്ലാതെ (182) വാഹനമോടിച്ചാല്‍ 500 രൂപയില്‍നിന്ന് 10,000 രൂപയായും വർധിപ്പിച്ചു. അമിത ഭാരമുള്ള വാഹനങ്ങള്‍ (182 ബി)ക്ക് 2000 രൂപയും അധികമുള്ള ഓരോ ടണ്ണിനും 1000 രൂപയുമെന്നത് 10,000 രൂപയും 1500 രൂപയുമായി ഉയർത്തി.
അമിത വേഗം (183) 400 രൂപ പിഴ എന്നത് എല്‍എംവിക്ക് 1000 രൂപയും ഇടത്തരം പാസഞ്ചര്‍ വാഹനത്തിന് 2000 രൂപയുമാക്കി . അപകടകരമായ ഡ്രൈവിംഗിനുള്ള പിഴ (184) 1,000 രൂപയില്‍നിന്ന് 5000 രൂപയായും മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴ (185) 2000 രൂപയില്‍നിന്നു 10,000 രൂപയായും അമിത വേഗം/ റേസിംഗ് (189) 500 രൂപയില്‍നിന്ന് 5,000 രൂപയായും ഉയർത്തി.
പെര്‍മിറ്റ് ഇല്ലാത്ത വാഹനം (192 എ) നേരത്തേ 5000 രൂപ വരെയുള്ള പിഴ 10,000 രൂപ വരെയാക്കി. അഗ്രഗേറ്റര്‍മാര്‍-ലൈസന്‍സിംഗ് വ്യവസ്ഥകളുടെ ലംഘനം (193) 25,000 രൂപ മുതല്‍ പിഴ. ഓവര്‍ലോഡിംഗ് (194) 2,000 രൂപയും ഓരോ അധിക ടണ്ണിന് 100 രൂപയുമായിരുന്നു നേരത്തെ പിഴ.
അധിക യാത്രക്കാര്‍ക്ക്(194 എ) നേരത്തെ പിഴ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അധിക യാത്രക്കാര്‍ക്ക് 1000 രൂപ പിഴ ഈടാക്കും. സീറ്റ് ബെല്‍റ്റ് (194 ബി)ഇല്ലെങ്കിലുള്ള പിഴ 100 രൂപയെന്നത് 1,000 രൂപയാക്കി. ഇരുചക്ര വാഹനങ്ങളിലെ ഓവര്‍ലോഡിംഗ് (194 സി) 100 രൂപയില്‍നിന്നു 2,000 രൂപയാക്കുകയും മൂന്നു മാസത്തേക്ക് ലൈസന്‍സ് അയോഗ്യമാക്കുകയും ചെയ്യും.
ആംബുലൻസ് ഉൾപ്പെടെ അടിയന്തര വാഹനങ്ങള്‍ക്ക് വഴിനല്‍കാത്തതിന് (194 ഇ) പുതിയതായി ഉള്‍പ്പെടുത്തിയ നിയമ പ്രകാരം 10,000 രൂപ പിഴ. ഇൻഷ്വറന്‍സ് ഇല്ലാതെ ഡ്രൈവിംഗ് (196) 1,000 രൂപയില്‍ നിന്ന് 2,000 രൂപയാക്കി. ജുവനൈല്‍ കുറ്റകൃത്യങ്ങളിൽ (199) പുതിയ നിയമ പ്രകാരം രക്ഷിതാവോ അല്ലെങ്കില്‍ വാഹന ഉടമയോ കുറ്റവാളിയായി കണക്കാക്കും. 25,000 രൂപ പിഴയും മൂന്നു വര്‍ഷം തടവും ഏര്‍പ്പെടുത്തുകയും വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കുകയും ചെയ്യും.