മണ്ണാർക്കാട്: ഇടുങ്ങിയ റോഡുകളിലും വളവുകളിലും പോലീസ് പരിശോധന പാടില്ലെന്ന ഹൈക്കോടതി ഉത്തരവു നില്‍ക്കുന്നതിനിടെ മണ്ണാർക്കാട് ട്രാഫിക് പോലീസിനു ഇതൊന്നും ബാധകമാകുന്നില്ല. കൊടുംവളവുകളും കയറ്റവുമുള്ള മണ്ണാർക്കാട് ബൈപാസ് റോഡിലാണ് ട്രാഫിക് പോലീസിന്റെ ഈ ഞാണിേ·ൽ കളി.
അപകടങ്ങൾ പതിയിക്കുന്ന ബൈപാസ് റോഡിലാണ് പോലീസ് വാഹന പരിശോധന ശക്തമാക്കിയിരിക്കുന്നത്. മണ്ണാർക്കാട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് എംഎൽഎയുടെ പ്രത്യേക നിർദേശപ്രകാരം മണ്ണാർക്കാട് മിനി ബൈപാസ് എന്നപേരിൽ ബൈപാസ് അനുവദിച്ചത്.
ഈ റോഡിന്റെ ഇടുങ്ങിയ ഭാഗമാണ് വടക്കുമണ്ണം, ശിവൻകുന്ന് പ്രദേശങ്ങൾ. ഇവിടെ റോഡിന് ആറുമീറ്റർ വീതിപോലുമില്ല. രണ്ടുവാഹനങ്ങൾ തിങ്ങിഞെരുങ്ങിയാണ് ഇതുവഴി പോകുന്നത്. ഇവിടെ എതിരേനിന്നും വരുന്ന വാഹനങ്ങൾ കാണാനാകുന്നില്ല. പോലീസ് ജീപ്പും പോലീസുകാരും തടിച്ചുകൂടുന്നതോടെ കുരുക്കു രൂക്ഷമാകുന്നു.
എംഇഎസ് കോളജ് പരിസരം, കല്യാണകാപ്പ്, തെങ്കര, പഴയ ചെക്ക്പോസ്റ്റ്, നെല്ലിപ്പുഴ ഭാഗങ്ങളിലാണ് മുൻകാലങ്ങളിൽ വാഹന പരിശോധന നടത്തിയിരുന്നത്.എത്രയുംവേഗം ഈ ഭാഗത്തെ പോലീസ് പരിശോധന അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഇടുങ്ങിയ ബൈപാസ് റോഡിലെ വേഗത്തിലെത്തുന്ന വാഹനങ്ങൾ പോലീസിനെയും പരിശോധനയും കണ്ട് വെട്ടിക്കുന്നതും അപകടത്തിനും കാരണമാകുന്നു.