നിലന്പൂർ: 18 വയസിന് താഴെ പ്രായമുള്ള മകന് വാഹനം ഓടിക്കാൻ കൊടുത്തതിനെ തുടർന്ന് അമ്മയ്ക്കെതിരേ നിലന്പൂർ പോലീസ് കേസെടുത്തു. നിലന്പൂർ മുക്കട്ടയിൽ വച്ചാണ് കുട്ടി ഡ്രൈവർ പിടിയിലായത്.
കുട്ടി മോട്ടോർ സൈക്കിൾ ഓടിച്ചു വരുന്നതു കണ്ട് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ അബ്ദുൾ മുജീബ് വാഹനം നിർത്താൻ ആവശ്യപ്പെട്ടു.
ചോദിച്ചപ്പോൾ തന്റെ അമ്മ സാധനങ്ങൾ വാങ്ങാൻ വണ്ടി തന്നു വിട്ടതാണെന്ന് പറഞ്ഞ ശേഷം വാഹനം പെട്ടന്ന് ഓടിച്ചു പോകാൻ ശ്രമിക്കുകയും ചെയ്തു.
പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് അമ്മയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പുതിയ മോട്ടോർ വാഹന നിയമപ്രകാരം മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിടിച്ചെടുത്ത വാഹനം കോടതിയിൽ ഹാജരാക്കും.
ഇത്തരം കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ തുടർന്നും കർശന നടപടികൾ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.