തിരുവനന്തപുരം: ഹെൽമെറ്റ് പരിശോധനയ്ക്ക് ഇറങ്ങുന്ന പോലീസുകാരുടെ കൈയിൽ ലാത്തി വേണ്ടെന്നു ഡിജിപിയുടെ സർക്കുലർ. കടയ്ക്കലിൽ വാഹന പരിശോധനയ്ക്കിടെ പോലീസുകാരൻ ഇരുചക്ര വാഹന യാത്രികനു നേരെ ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തെ തുടർന്നാണു നിർദേശം. വാഹന പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ദേഹ പരിശോധന നടത്തരുതെന്നും സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിൽ പറയുന്നു.
പരിശോധനയ്ക്കായി പരമാവധി സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണം. പരിശോധനാ ചട്ടത്തിൽ നിർദേശിച്ചിട്ടുള്ളതു പോലെ എസ്ഐയോ അതിനു മുകളിലുള്ള ഉദ്യോഗസ്ഥന്റെയോ നേതൃത്വത്തിലാകണം പരിശോധന നടത്തേണ്ടത്. പരിശോധനയ്ക്കിടെ വാഹനങ്ങൾ നിർത്തിയില്ലെങ്കിൽ അപകടമുണ്ടാക്കുന്ന തരത്തിൽ അവയെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കരുത്. റോഡിനു മധ്യത്തിൽ നിന്നു വാഹനങ്ങൾ നിർത്താനായി കൈകാണിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.
അതുപോലെ വളവിലും തിരിവിലും ഒളിഞ്ഞിരുന്നു പരിശോധന നടത്തുന്നതിനെയും ഡിജിപി വിലക്കി. വാഹന പരിശോധന നടത്തുന്നതു നിർബന്ധമായും കാമറയിൽ പകർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാൽ ജില്ലാ പോലീസ് മേധാവിമാർക്കായിരിക്കും ഉത്തരവാദിത്തമെന്നും നിർദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.