ചിങ്ങവനം: കോവിഡിൽ നട്ടം തിരിയുന്ന ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ഇപ്പോൾ ഡ്യൂട്ടിയിലുള്ളത് എട്ട് ഉദ്യോഗസ്ഥർ മാത്രം. പ്രിൻസിപ്പൽ എസ്ഐയും ഗ്രേഡ് എസ്ഐയും ആറു പോലീസുകാർക്കും രോഗം ബാധിച്ചിട്ടില്ലെങ്കിലും ഇവരുടെ കാര്യവും ആശങ്കയിലാണ്.
അമിത ജോലിഭാരവും മാനസിക പ്രയാസങ്ങളും അലട്ടുന്ന ഉദ്യോഗസ്ഥർ ഇപ്പോൾ നിർജീവാവസ്ഥയിലാണെന്നാണ് ഡ്യൂട്ടിയിലുള്ളവർ പറയുന്നത്.
52 ഉദ്യോഗസ്ഥരുള്ള സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത് 45 ഉദ്യോഗസ്ഥർ. ഇതിൽ 38 പേർക്കും കഴിഞ്ഞ ദിവസം നടന്ന ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് ആയതോടെയാണ് ചിങ്ങവനം പോലീസ് സ്റ്റേഷന്റെ പ്രവർത്തനവും താളം തെറ്റിയത്.
കഴിഞ്ഞ 10ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്പ് ഏഴു പേർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ബാക്കിയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
ഇവിടെ നിന്നും കൊല്ലം ജില്ലയിൽ ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥരിൽ പലർക്കും കോവിഡ് സംബന്ധമായ അസ്വസ്ഥതകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുന്പ് ചിങ്ങവനം സ്റ്റേഷനിൽ ആദ്യം കോവിഡ് ലക്ഷണങ്ങൾ കാണപ്പെട്ട മൂന്നു പേരെ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു.
തുടർന്നു നടത്തിയ ടെസ്റ്റിൽ പോസീറ്റാവായ നാലു പേരെ കൂടി കണ്ടെത്തിയതോടെ തെരഞ്ഞെടുപ്പിനു മുന്പ് രോഗികളുടെ എണ്ണം ഏഴായി. ആരോഗ്യ വകുപ്പ് ഇതൊന്നും അറിഞ്ഞ മട്ടില്ലെന്നാണ് പോലീസുകാർ പറഞ്ഞത്. ഇതൊന്നും വക വയ്ക്കാതെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് രോഗ ലക്ഷണമുള്ളവരെമറ്റു സ്റ്റേഷനുകളിൽ നിന്നുള്ളവരുടെ കൂടെ ബസിൽ കുത്തി നിറച്ചു കൊണ്ടുപോയത്. ചിങ്ങവനം സ്റ്റേഷനിൽ ആദ്യം രോഗം കണ്ട ഉദ്യോഗസ്ഥരുമായി സന്പർക്കത്തിലേർപ്പെട്ട മറ്റു ഉദ്യോഗസ്ഥർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇനിയും കൂടുതൽ പേരിലേക്ക് രോഗം പടരാനുള്ള സാധ്യതകൾ ഏറെയാണ്. ബസിൽ ഇവരോടൊപ്പം യാത്ര ചെയ്ത മറ്റ് ഉദ്യോഗസ്ഥർ, പോളിംഗ് സ്റ്റേഷനിൽ ഇവരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെല്ലാം ആശങ്കയുടെ നിഴലിലാണ്. നിലവിൽ ചിങ്ങവനം സ്റ്റേഷനിലെ രോഗബാധിതരായ ഉദ്യോഗസ്ഥർ നാട്ടകത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലാണ്.
സ്റ്റേഷനിലെ ഫോണ് എടുക്കാൻ മാത്രമായി ഇപ്പോൾ രണ്ടു പേർ വേണം. സ്റ്റേഷൻ പരിധിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ ഓടിയെത്തണം. പരാതിക്കാർ വന്നാൽ അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇതോടെ തീർത്തും പ്രവർത്തന രഹിതമായ അന്തരീക്ഷത്തിലാണ് പോലീസ് സ്റ്റേഷൻ. എംസി റോഡിൽ നിരന്തരമുണ്ടാകുന്ന അപകടങ്ങൾ, വിസ്തീർണ്ണത്തിൽ ഏറെയുള്ള സ്റ്റേഷൻ പരിധിയിൽ നടക്കുന്ന മറ്റ് സംഭവങ്ങൾ ഇവയൊക്കെ സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ അഭാവത്തോടെ അവതാളത്തിലായ നിലയിലാണ്.