കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിനെതിരേ പോലീസ് നിരത്തിയ വാദങ്ങള്‍ പൊളിയുന്നു. ജാമ്യത്തിലിറങ്ങിയ ദിലീപ് ഡിജിപിക്ക് പരാതി നല്‍കാന്‍ വൈകിയെന്ന വാദമാണ് ഇപ്പോള്‍ തെറ്റാണെന്ന് വെളിപ്പെട്ടിരിക്കുന്നത്. ജയിലില്‍നിന്ന് പള്‍സര്‍ സുനിയുടെ ഭീഷണി ലഭിച്ചയുടനെ ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ച് പരാതിപ്പെട്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തന്നെ വ്യാജ തെളിവുണ്ടാക്കി കുടുക്കിയെന്ന് ആരോപിച്ച് നടന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ വിവരവും വെളിപ്പെടുന്നത്.
ബെഹ്‌റയ്ക്കു വാട്‌സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കണക്കാക്കാനാകില്ല എന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ഹൈക്കോടതിയില്‍ പോലീസ് നിലപാടെടുത്തത്. ദിലീപിന്റെ പരാതി പൊലീസിനു ലഭിച്ചത് ഏപ്രില്‍ 22 നാണ്. പള്‍സര്‍ സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണില്‍ വിളിച്ചത് മാര്‍ച്ച് 28നും. 20 ദിവസങ്ങള്‍ക്കുശേഷമാണ് ദിലീപ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയതില്‍ നിഗൂഢതയുണ്ടെന്നുമായിരുന്നു പോലീസിന്റെ പ്രചാരണം. എന്നാല്‍ പള്‍സറിന്റെ ഭീഷണിക്ക് തൊട്ടു പിന്നാലെ ദിലീപ് ബെഹ്‌റയുടെ ഫോണിലേക്ക് പല വട്ടം വിളിച്ചതിന് തെളിവുണ്ട്. ബെഹ്‌റയുടെ സ്വകാര്യഫോണിലേക്കാണ് എല്ലാ കോളുകളും എത്തിയിരുന്നത്. ഡിജിപിയുടെ ഫോണ്‍കോള്‍ രേഖകള്‍ ഒരു ന്യൂസ് ചാനല്‍ പുറത്തു വിട്ടിരുന്നു. പരാതിപ്പെട്ടിട്ടും അന്വേഷണം വൈകിയെന്നും ദിലീപ് പറഞ്ഞിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണം നടത്താന്‍ സാധിക്കില്ലെന്നും കാര്യങ്ങള്‍ കോടതിയില്‍ വ്യക്തമാക്കും എന്നുമാണ് ബെഹ്‌റ അന്ന് പ്രതികരിച്ചത്.
സിനിമാ മേഖലയിലുള്ള ചിലര്‍ തനിക്കെതിരേ നീങ്ങുന്നുണ്ടെന്നും അവര്‍ പള്‍സര്‍ സുനിയെ സമീപിച്ച കാര്യം വിഷ്ണു എന്നയാള്‍ നാദിര്‍ഷയെ അറിയിച്ചെന്നും ബെഹ്‌റയെ അറിയിച്ചതായും ദിലീപ് ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു. പോലീസിനെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും സ്വാധീനിക്കാന്‍ കഴിയുന്ന ചില സിനിമാക്കാരാണ് തന്നെക്കുറിച്ച് വ്യാജകഥകള്‍ പ്രചരിപ്പിച്ചതെന്ന് ദിലീപ് പറയുന്നു.തന്നെ കുടുക്കാന്‍ ലക്ഷ്യമിടുന്ന ചില പൊലീസുദ്യോഗസ്ഥരുടെയും മാധ്യമ പ്രചാരണത്തിന്റെയും ഇരയാണു താന്‍ എന്നും ദിലീപ് ആരോപിച്ചിരുന്നു.