സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: സംസ്ഥാനത്ത് സമീപകാല സംഭവങ്ങളിൽ പോലീസിനുണ്ടായ ദുഷ്പേര് മാറ്റാൻ എല്ലാ പോലീസ് സ്റ്റേഷനിലും പ്രത്യേക ക്ലാസ് സംഘടിപ്പിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവ് നൽകി. കാറ്റിസം ക്ലാസെന്ന പേരിൽ എല്ലാ ചൊവ്വാഴ്ചയും എല്ലാ പോലീസ് സ്റ്റേഷനിലും ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കും.
അതാത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒമാരാണ് ക്ലാസെടുക്കുക. രാവിലെ 7.30 മുതൽ 8.30 വരെ ഒരുമണിക്കൂർ ക്ലാസാണ് നൽകുക. ദിനംപ്രതി സ്റ്റേഷൻ പരിധിയിൽ പ്രയോഗിക്കുന്ന വകുപ്പുകളെ കുറിച്ചാണ് പ്രധാനമായും പോലീസുകാരെ ബോധവത്കരിക്കുക. ഇതിനായി തലേദിവസം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ക്ലാസെടുക്കേണ്ട വിഷയത്തെക്കുറിച്ച് അതാത് പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർക്ക് വിവരം നൽകും.
ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ക്ലാസ് നൽകുക. പരാതിയുമായി സ്റ്റേഷനിൽ എത്തുന്നവരോടുള്ള പോലീസിന്റെ സമീപനം, പൊതുജനങ്ങളോടുള്ള മനോഭാവം എന്നിവയിൽ കാര്യമായ മാറ്റം വരുത്താൻ ഇത്തരം ക്ലാസുകൾ കൊണ്ട് സാധിക്കുമെന്നാണു കരുതുന്നത്. കൂടാതെ പോലീസ് ഡിപ്പാർട്ടുമെന്റുകളിൽ നിന്നും വരുന്ന ഉത്തരവുകൾ, ആഭ്യന്തര വകുപ്പിന്റെ നിർദേശങ്ങൾ എന്നിവയും പോലീസുകാർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്യും.
സ്ത്രീകൾക്കും കുട്ടികൾക്കും നേരേ നടക്കുന്ന അതിക്രമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വ്യക്തമായ കാഴ്ചപ്പാടായിരിക്കും പ്രധാനമായും ക്ലാസുകളിൽ നൽകുക. കൂടാതെ പോക്സോ നിയമങ്ങൾ പ്രയോഗിക്കുന്പോൾ ഉണ്ടാകുന്ന പഴുതുകൾ അടക്കാനും നിർദേശം നൽകുന്നുണ്ട്. അക്രമസംഭവങ്ങളെ നേരിടാനും മോഷ്ടാക്കളെയും മറ്റും പിടികൂടിയാൽ ചെയ്യേണ്ട കാര്യങ്ങളും ക്ലാസിൽ ചർച്ച നടത്തും.
നിലവിലെ പോലീസിന്റെ നടപടിക്രമങ്ങളും പരാതിക്കാരോടുള്ള സമീപനവും പൊതുജനങ്ങളോടുള്ള പെരുമാറ്റവും പ്രധാനമായി പഠിപ്പിക്കും. പൊതുജനങ്ങൾ കൂടിനിൽക്കുന്ന സ്ഥലങ്ങളിൽ ഇടപെടേണ്ടിവരുന്പോൾ അസഭ്യവാക്കുകൾ പ്രയോഗിക്കാനോ വ്യക്തി വൈരാഗ്യത്തിൽ പെരുമാറാനോ പാടില്ലെന്ന നിർദേശവും നൽകുന്നുണ്ട്.