എരുമയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്ക്കം പോലീസ് പരിഹരിച്ചത് ലവ് ടെസ്റ്റിലൂടെ.
കടലൂര് ജില്ലയിലെ കാട്ടുമണ്ണാര്കോവിലിലാണ് എരുമയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി പുരുഷനും സ്ത്രീയും തമ്മില് തര്ക്കമുണ്ടായത്.
‘ലവ് ടെസ്റ്റില്’ വളര്ത്തുമൃഗം പുരുഷനൊപ്പം പോകാന് തീരുമാനിച്ചതോടെ എരുമയെ പോലീസ് അയാള്ക്കൊപ്പം വിട്ടയച്ചു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ… ചിദംബരത്തിനടുത്തുള്ള ഒരു ഗ്രാമത്തിലെ കന്നുകാലി കര്ഷകയായ ദീപ ആറ് മാസം മുന്പ് തന്റെ ഫാമില് നിന്ന് ആറു എരുമകളെ കാണാതായതായി ഒരു പരാതി നല്കിയിരുന്നു.
അന്നുമുതല് ദീപ എരുമയ്ക്കായി നടത്തിയ തിരച്ചിലിനിടെ 30 കിലോമീറ്റര് അകലെയുള്ള മറ്റൊരു ഗ്രാമത്തില് പളനിവേല് എന്നയാളുടെ ഫാമില് തന്റെ എരുമകളെ കണ്ടെത്തി.
തുടര്ന്ന് ഫാമിലെത്തിയ ദീപ തന്റെ അഞ്ച് എരുമകളെ അവിടെ കണ്ടെത്തി. എന്നാല് റോഡില് ഒറ്റപ്പെട്ട എരുമകളെ തന്റെ ഫാമിലേക്ക് കൊണ്ടുവരികയാണ് ചെയ്തതെന്ന് പളനിവേല് അറിയിച്ചു.
തുടര്ന്ന് നടത്തിയ മധ്യസ്ഥ ചര്ച്ചയ്ക്ക് പിന്നാലെ അഞ്ച് എരുമകളെ ദീപയ്ക്ക് തിരിച്ചുനല്കുകയും ചെയ്തു.
എന്നാല് ഒരാഴ്ച മുന്പ് പളനിവേലിന്റെ നാട്ടിലെത്തിയ ദീപയുടെ ബന്ധു ആറാമത്തെ എരുമയും അവിടെയുണ്ടെന്ന് അറിയിച്ചു.
ഇതിന് പിന്നാലെ എരുമയെ തിരിച്ചെത്തിക്കാന് ദീപ അവിടെയെത്തി. അവിടെവച്ച് എരുമയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി ദീപയും പളനിവേലും തമ്മില് തര്ക്കമായി.
തര്ക്കം രൂക്ഷമായതോടെ ഇരുവരും തങ്ങളെ സമീപിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു.
ഇരുവരെയും എരുമയെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഗ്രാമത്തില് നിന്ന് എരുമ ദീപയെ പിന്തുടര്ന്നതിനാല് താന് ആണ് യഥാര്ഥ ഉടമയെന്ന് സ്ത്രീ പോലീസീനോട് പറഞ്ഞു.
കൂടാതെ തന്റെ കൈവശമുണ്ടായിരുന്ന എരുമയുടെ ഫോട്ടോയും തെളിവായി കാണിച്ചു. എന്നാല് ഈ എരുമ പളനിവേലിന്റെതാണെന്ന് നാട്ടുകാരും പോലീസിനെ അറിയിച്ചു.
ഒടുവില് എരുമയുടെ ഉടമസ്ഥത തെളിയിക്കാനായാണ് ‘ലവ് ടെസ്റ്റ്’ നടത്തിയത്. പളനിവേലും ദീപയും എരുമയെ മാറി മാറി വിളിച്ചപ്പോള് എരുമ പളനിവേലിന്റെ അടുത്തേക്ക് പോയതോടെ ഇയാളാണ് യഥാര്ഥ ഉടമയെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.