റെനീഷ് മാത്യു
കണ്ണൂർ: കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് ചേരുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ശിപാർശ.
ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. മന്ത്രിസഭാ ചർച്ചകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നടപ്പിലാക്കും.
സംസ്ഥാനത്തെ പല സ്ഥാപനങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളടക്കം നിരവധി പേരാണ് ജോലി ചെയ്യുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽനിന്ന് ഉൾപ്പെടെയുള്ളവർ ജോലി ചെയ്യുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, പിടികിട്ടാപ്പുള്ളികൾ എന്നിവർ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കണ്ണൂർ മോഡൽ റെയ്ഡ് സംസ്ഥാനതലത്തിൽ
കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപകമായി അക്രമം നടന്നിരുന്നു.
ചില സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് ആക്രമണത്തിന് പിന്നിലെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിൽ കണ്ണൂരിൽ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
എന്നാൽ, തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മേൽവിലാസംപോലും പല സ്ഥാപനങ്ങളിലും ഇല്ലെന്ന് പോലീസ് റെയ്ഡിൽ മനസിലാക്കി.
ഹർത്താൽദിന അക്രമ ഗൂഢാലോചന നടന്നത് സംസ്ഥാനത്തെ പല സ്ഥാപനങ്ങളുടെയും കേന്ദ്രങ്ങളിൽ വച്ചായിരുന്നു. പാർക്കിംഗ് കേന്ദ്രങ്ങളും ഗോഡൗണുകളും എല്ലാം കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു.