കോഴിക്കോട് : കോവിഡ് സമൂഹവ്യാപന സാധ്യതയേറെ നിലനില്‍ക്കവെ മാനദണ്ഡങ്ങള്‍ പാലിക്കാതെ പോലീസ് വിരുന്നൊരുക്കിയ സംഭവത്തില്‍ കോവിഡില്‍നിന്നും വകുപ്പുതല നടപടികളില്‍നിന്നും പോലീസുദ്യോഗസ്ഥര്‍ക്ക് “രക്ഷ’. ക്വാറന്റൈനിലുള്ള പോലീസുകാരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് ആശ്വാസമായത്.
അതേസമയം ഫലം നെഗറ്റീവാണെങ്കിലും ആരോപണങ്ങള്‍ ഇപ്പോഴും സേനയ്ക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ മേലധികാരികള്‍ ആരും തയാറായില്ല. ഇതോടെ വകുപ്പ്തല നടപടിയെന്ന പേടിയും അസ്ഥാനത്തായി. പരിപാടിക്ക് മേലധികാരികള്‍ ക്ലീന്‍ചിറ്റ് നല്‍കിയതോടെ ഏവര്‍ക്കും “ഇരട്ടിമധുരമായി’.
കോഴിക്കോട് സിറ്റി പോലീസ് പരിധിയിലായിരുന്നു മുഖ്യമന്ത്രിയുടേയും ഡിജിപിയുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പരസ്യമായി ലംഘിച്ച് ഏമാന്മാര് ഒത്തുചേര്‍ന്നത്. ചടങ്ങ് സംഘടിപ്പിച്ച് മൂന്നു ദിവസം പിന്നിട്ടപ്പോള്‍ പരിപാടി നടത്തിയ മേലുദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കോഴിക്കോട് സിറ്റിയിലെ ഉന്നതഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേരും ക്വാറന്റൈനിലായി. ഇതോടെയാണ് വിരുന്ന് വിവാദമായത്. അതേസമയം ക്വാറന്റൈനിലുള്ള 44 പോലീസുദ്യോഗസ്ഥരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഴിഞ്ഞ ദിവസം ബീച്ചില്‍ നടത്തിയ പരിശോധനാ ഫലമാണ് നെഗറ്റീവായതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സ്വാതന്ത്ര്യദിനത്തിന് മുന്‍പാണ് കോഴിക്കോട് സിറ്റിയിലെ ഉന്നത റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീട് താമസവുമായി ബന്ധപ്പെട്ട് പോലീസ് ക്ലബില്‍ വിരുന്നൊരുക്കിയത്.
സിഐ റാങ്കിലും അതിന് മുകളിലുള്ള റാങ്കിലുള്ളവര്ക്കുമായാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. വിരുന്നില്‍ സിറ്റി പോലീസ് പരിധിയിലെയും സ്പെഷല്‍ യൂണിറ്റിലേയും ഉള്‍പ്പെടെ ഭൂരിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.
രണ്ടു ദിവസത്തിന് ശേഷം പരിപാടി സംഘടിപ്പിച്ച മേലുദ്യോഗഗസ്ഥന് കോവിഡ് പോസിറ്റീവായതോടെ ചടങ്ങിനെത്തിയവര്‍ ക്വാറന്റൈനിലുമായി. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പോലീസുദ്യോഗസ്ഥന്റെ സമ്പര്‍ക്കപ്പട്ടിക തയാറാക്കാന്‍ തുടങ്ങി. എന്നാല്‍ പരിപാടി സംഘടിപ്പിച്ചതായി ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ല.
പകരം പോലീസ് ക്ലബില്‍ യോഗം വിളിച്ചുചേര്ത്തിരുന്നതായും അതിനാലാണ് കൂടുതല്‍ പോലീസുകാര്‍ ക്വാറന്റൈനില്‍ ആയതെന്നുമാണ് അറിയിച്ചത്. അതേസമയം സംഭവം സേനയ്ക്കുള്ളില്‍ വിവാദമായി.
സാദാ റാങ്കിലോ എസ്ഐ റാങ്കിലോ ഉള്ള ഉദ്യോഗസ്ഥരുടെ നിസാര തെറ്റുകള്‍ വരെ ചൂണ്ടിക്കാണിച്ച് ശിക്ഷ വിധിക്കാറുള്ള മേലധികാരികള്‍, അവര്‍ ചെയ്യുന്ന കുറ്റത്തിന് ആരും ശിക്ഷിക്കാനോ തിരുത്താനോയില്ലാത്ത സാഹചര്യമാണ് സേനയിലുള്ളതെന്നാണ് അഭിപ്രായമുയരുന്നത്.
സംഭവത്തെ കുറിച്ച് ആദ്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നതായി ബോധ്യപ്പെട്ടു. പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയ ശേഷമാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ മേലധികാരികളിലൊരാളും ഈ ചടങ്ങില്‍ പങ്കെടുത്തതായി വ്യക്തമായത്.
തുടര്‍ന്ന് ഈ അന്വേഷണ റിപ്പോര്‍ട്ടും മുക്കി. സംഭവം ആരോഗ്യവകുപ്പിനും അറിയാമെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് അറിയുന്നത്.