സ്വന്തം ലേഖകൻ
കണ്ണൂർ: ജില്ലാ പോലീസ് അസോസിയേഷന്റെ ഇടപെടലും ഭരണ സ്വാധീനവും ശക്തമായതോടെ കോടതി തീരുമാനത്തിനു മുന്പ് ജില്ലാ പോലീസ് സഹകരണ സംഘത്തിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ്. 14 നാണ് നാമനിർദേശപ്പട്ടിക സമർപ്പിക്കേണ്ടത്. അന്തിമ സ്ഥാനാർഥിപ്പട്ടിക 16ന് പ്രസിദ്ധീകരിക്കും. സംഘത്തിൽ മൊത്തം 12 ഭരണ സമിതി അംഗങ്ങളാണുള്ളത്.
ജനറൽ വിഭാഗം ഏഴ്, വനിതാ സംവരണം മൂന്ന്, പട്ടികജാതി/വർഗ സംവരണം ഒന്ന്, 10,000 രൂപയോ അതിൽ കൂടുതലോ നിക്ഷേപമുള്ള അംഗങ്ങളിൽനിന്ന് ഒരാളെയുമാണ് തെരഞ്ഞെടുക്കുക. സംഘം പ്രസിഡന്റ് ജില്ലാ പോലീസ് മേധാവിയാണ്. എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ മാർച്ചിലാണ് നിലവിലെ യുഡിഎഫ് അനുകൂല ഭരണ സമിതിയെ പിരിച്ചുവിട്ടത്. ദിലീപ് കുമാറായിരുന്നു അതുവരെ സെക്രട്ടറി.
ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചില്ല എന്ന കാരണം പറഞ്ഞായിരുന്നു ആദ്യ പിരിച്ചുവിടൽ. ഇതിനെതിരേ യുഡിഎഫ് അനുകൂല വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായെങ്കിലും നിക്ഷേപത്തിന് അധിക പലിശ നല്കി എന്ന കാരണം പറഞ്ഞു സഹകരണ രജിസ്ട്രാർ വീണ്ടും സംഘം ഭരണസമിതിയെ പിരിച്ചുവിട്ടു.
ഇതിനെതിരേ നിലവിലുണ്ടായിരുന്ന ഭരണ സമിതി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ വിധി വരാനിരിക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞ നവംബറിൽ അവസാനിച്ചുവെന്നും അതിനാലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നുമാണ് ഭരണാനുകൂല സംഘടനാ നേതാക്കൾ പറയുന്നത്.
കഴിഞ്ഞ മാർച്ച് മുതൽ സഹകരണ രജിസ്ട്രാർ ഇ. ദിനേശന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് സംഘത്തിൽ നടക്കുന്നത്. നേരത്തെ 40 കോടി രൂപ നിക്ഷേപമുണ്ടായിരുന്ന സംഘത്തെ ഇന്ന് 100 കോടി നിക്ഷേപമുള്ള സംഘമാക്കി മാറ്റിയത് തങ്ങളുടെ പ്രവർത്തനത്തിന്റെ ഫലമാണെന്നാണ് യുഡിഎഫ് അനുകൂല സംഘടനാ നേതാക്കൾ പറയുന്നത്.
ജനുവരി അഞ്ചിന് ശേഷം വോട്ടർ പട്ടികയ്ക്കായി പണം അടച്ച അംഗങ്ങൾക്ക് പട്ടിക നല്കണമെന്നാണ് നിയമം.
എന്നാൽ വോട്ടർ പട്ടിക നല്കാൻ തയാറാകുന്നില്ലെന്നും പ്രതിപക്ഷാനുകൂല വിഭാഗം ആരോപിക്കുന്നു.