കണ്ണൂർ: കണ്ണൂർ നഗരത്തിലെ യുവാക്കൾക്കായി കായിക ക്ഷമത പരിശീലനവുമായി വീണ്ടും പോലീസ്. നേരത്തെ 26 യുവാക്കൾക്ക് നല്കിയ പരിശീലനം വലിയ വിജയമായതും കൂടുതൽ പേർ സന്നദ്ധരായി മുന്നോട്ട് വരികയും ചെയ്ത സാഹചര്യത്തിലുമാണ് ഈ മാസം 10 മുതൽ വീണ്ടും പോലീസ് കായിക ക്ഷമത പരിശീലനം ആരംഭിക്കുന്നത്.
പോലീസുകാരല്ലാത്ത യുവാക്കൾക്കാണ് ഭാവിയിൽ പട്ടാളത്തിലോ, പോലീസിലോ ജോലി ലഭിക്കുക എന്ന ലക്ഷ്യത്തോടെ പരിശീലനം നല്കുന്നത്. സേനകളിൽ ജോലി ലഭിക്കാൻ പാകത്തിൽ കായികക്ഷമത ഉറപ്പാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ആദ്യ ബാച്ചിലെ 26 പേരുടെ പരിശീലനം ഈ മാസം ഒന്നിനാണ് പൂർത്തിയാത്.
കണ്ണൂർ ടൗൺ പോലീസാണ് പരിശീലനം നല്കുന്നത്. പരിശീലനത്തിന്റെ സമാപനം കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ പാസിംഗ് ഔട്ട് പരേഡിനെ അനുസ്മരിപ്പിക്കുന്നചടങ്ങോടെയായിരുന്നു സമാപിച്ചത്. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം ഇവരിൽ നിന്ന് സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. പട്ടാളത്തിലും പോലീസിലും ജോലി നേടാൻ പാകത്തിൽ യുവാക്കൾക്ക് മൂന്നുമാസമാണു പരിശീലനം നൽകിയത്. എല്ലാവരും മികച്ച കാഡറ്റുകളായി.
പോലീസിനെ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ടൗൺ സിഐ ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് യുവജനങ്ങൾക്ക് തൊഴിൽ നേടിക്കൊടുക്കാനുതകുന്ന പരിശീലനം നടപ്പിലാക്കിയത് റിട്ട. എസ്ഐ ശിവദാസൻ, കണ്ണൂർ സിറ്റി സ്റ്റേഷനിലെ എഎസ്ഐ രാജേന്ദ്രൻ, ട്രാഫിക് സ്റ്റേഷനിലെ ഉനൈസ്, കോസ്റ്റൽ പോലീസിലെ സ്നേഹേഷ് എന്നിവരായിരുന്നു പരിശീലകർ.
26 പേരിൽ അഞ്ചുപേർ ഇതിനകം മിലിട്ടറി റിക്രൂട്ട്മെന്റിൽ വിജയികളായി. ആദ്യബാച്ച് വൻ വിജയമായതോടെയാണ് അടുത്ത ബാച്ച് 10ന് തുടങ്ങാൻ തീരുമാനിച്ചത്. കായിക പരിശീലനം പോലീസ് പരേഡ് ഗ്രൗണ്ടിലും ക്ലാസ് പോലീസ് ഓഡിറ്റോറിയത്തിലുമായി നടക്കും. അപേക്ഷകരിൽ ചുരുങ്ങിയത് 20 വനിതകളുണ്ടെങ്കിൽ അവർക്കും പ്രത്യേക പരിശീലനം നല്കും.
തൊഴിലില്ലാത്ത യുവാക്കൾ തെറ്റുകളിലേക്കും മറ്റ് മോശമായ പ്രവർത്തനങ്ങളിലേക്കും നീങ്ങുന്നത് ഒഴിവാക്കി അവർക്ക് പുതിയ ജീവിതമാർഗവും നല്ല മാനസികാവസ്ഥയും തുറന്നു കൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സിഐ രത്നകുമാർ പറഞ്ഞു.ഇതിനായി കോർപറേഷൻ പരിധിയിലെ യുവാക്കളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങി.