പത്തനംത്തിട്ട മുക്കൂട്ടുതറയില്‍ കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനം കൂടുതല്‍ സങ്കീര്‍ണതകളിലേക്ക്. ജെസ്‌നയെ കാണാതായിട്ട് 100 ദിവസത്തോട് അടുക്കുമ്പോള്‍ കാര്യമായ തുമ്പൊന്നും കണ്ടെത്താനാകാത്ത അവസ്ഥയിലാണ് പോലീസ്. ജെസ്‌നയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന സഹപാഠിയിലേക്കും പിതാവ് ജെയിംസിന്റെ കമ്പനിയില്‍ നിന്ന് ഇടയ്ക്കുവച്ച് ജോലിനിര്‍ത്തി മടങ്ങിയ ചില ഇതര സംസ്ഥാനക്കാരിലേക്കും അന്വേഷണം കൂടുതല്‍ കേന്ദ്രീകരിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.
തലേന്ന് വിളിച്ചത് 15 തവണ!
ജെസ്‌ന അപ്രത്യക്ഷയാകുന്നതിന്റെ തലേദിസവം, മാര്‍ച്ച് 21ന് സഹപാഠിയായ പുഞ്ചവയല്‍ സ്വദേശിയുടെ ഫോണിലേക്ക് വിളിച്ചത് 15 തവണ. ഇതില്‍ ചില കോളുകള്‍ മാത്രമാണ് സഹപാഠി എടുത്തത്. ഇടയ്ക്ക് ഒരു കോള്‍ സഹപാഠിയുടെ പിതാവിന്റെ ഫോണിലേക്കും പോയിട്ടുണ്ട്. മാര്‍ച്ച് 21ന് ജെസ്‌ന വീട്ടില്‍ തന്നെയായിരുന്നു. സ്റ്റഡി ലീവായിരുന്നതിനാല്‍ വീട്ടില്‍ ഇരുന്നാണ് പഠിച്ചത്. എന്തിനാണ് ഇത്രയും കോളുകള്‍ ജെസ്‌ന സഹപാഠിയെ വിളിച്ചിരുന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. സഹപാഠിയെ ചോദ്യം ചെയ്‌തെങ്കിലും പോലീസിന് ഇപ്പോഴും ചില സംശയങ്ങള്‍ നിലനില്ക്കുന്നുണ്ട്.
ഇതരസംസ്ഥാനക്കാരിലേക്ക്
ജെസ്‌നയുടെ പിതാവ് ജെയിംസിന് മുക്കൂട്ടുത്തറയില്‍ ജെജെ കണ്‍സ്ട്രഷന്‍സ് എന്ന പേരില്‍ വലിയൊരു നിര്‍മാണ കമ്പനിയുണ്ട്. 150ഓളം ജീവനക്കാര്‍ ഇവിടെ ജോലിയെടുക്കുന്നുണ്ട്. ഇതില്‍ പലരും അന്യസംസ്ഥാന തൊഴിലാളികളാണ്. ജെസ്‌നയെ കാണാതാകുന്നതിന് മുമ്പും ശേഷവും ചിലര്‍ ജോലി നിര്‍ത്തി സ്വദേശത്തേക്ക് മടങ്ങിയിരുന്നു. ഇവരുടെ മടക്കത്തില്‍ അസാധാരണമായി എന്തെങ്കിലും കാര്യങ്ങളുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പലരും സ്ഥിരമായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെയാണ് ഈ വഴിക്കുള്ള അന്വേഷണവും ശക്തമാക്കിയിരിക്കുന്നത്.