കോതമംഗലം: വേലി തന്നെ വിളവുതിന്നാല്‍ എന്തു ചെയ്യും. ഹാഷിഷ് ഓയിലും കഞ്ചാവും സൂക്ഷിച്ചതിന് തൃശൂരില്‍ പോലീസുകാരനെ അറസ്റ്റു ചെയ്തു.
തൃശൂര്‍ കെ എ പി ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ അടിവാട് സ്വദേശി മുഹമ്മദിനെയാണ് എസ് പി യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളും ഊന്നുകല്‍ പൊലീസും ചേര്‍ന്ന് ഇന്ന് പുലര്‍ച്ച നെല്ലിമറ്റത്ത് നിന്നും കസ്റ്റഡിയില്‍ എടുത്തത്. ചെറിയ അത്തര്കുപ്പിയിലാണ് ഓയില്‍ സൂക്ഷിച്ചിരുന്നത്. 10 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പേപ്പറില്‍ പൊതിഞ്ഞ നിലയിലാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കഞ്ചാവുകേസില്‍ അറസ്റ്റിലായ അജ്മല്‍(28), ജിതിന്(21) എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊക്കിയത് എന്നാണ് സൂചന.കേസെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഘട്ടമായതിനാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. അടുത്തിടെയായി ജില്ലയിലേക്ക് തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് കടത്ത് ഊര്‍ജ്ജിതമായിരുന്നു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാന വ്യാപാരം. സ്കൂള്‍,കോളേജ് വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം പ്രധാനമായും ബൈക്കിലും കാറിലും മറ്റുമായിട്ടാണ് കഞ്ചാവ് കടത്തിയിരുന്നത്. ചുരുക്കം ചിലര്‍ സ്കൂള്ബാഗുകളില് ബസ്സുകള്‍ വഴിയും കഞ്ചാവ് കടത്തുന്നതായി പൊലീസ് എക്സൈസ് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ഇടുക്കി, എറണാകുളം ജില്ലകളില്‍ പരിശോധന നടത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അടക്കം 20ലധികം ആളുകള്‍ പിടിയിലായിരുന്നു. ഇതോടനുബന്ധിച്ചുള്ള കേസുകളില്‍ പൊലീസും എക്സെസും തുടരന്വേഷണം നടത്തിവരുന്ന സാഹചര്യത്തിലാണ് അനുബന്ധമായ കേസില്‍ പൊലീസുകാരന് പിടിയിലായിട്ടുള്ളത്. ഇയാളുടെ കൈവശം എങ്ങനെ ഹാഷീഷ് ഓയില്‍ എത്തിയെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് എക്സൈസ് അധികൃതരുടെ തീരുമാനം.