തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവർക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതിന് പോലീസ് വിപുലമായ സംവിധാനം ഏർപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു.
ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തി. ഹൈവേ പട്രോൾ വാഹനങ്ങളും ഇതിനായി ഉപയോഗിക്കും. തിരുവനന്തപുരം റൂറൽ പോലീസ് മേധാവിക്കും കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കുമായിരിക്കും ഇതിന്റെ ചുമതല.
ദക്ഷിണമേഖലാ ഐജി ഹർഷിതാ അത്തല്ലൂരിയെ ഇതിന്റെ സംസ്ഥാനതല നോഡൽ ഓഫീസറായി നിയോഗിച്ചു. 112 എന്ന നന്പറിൽ ബന്ധപ്പെടുന്നവർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കും.
രോഗിയുടെ പേരും വിലാസവും ഫോണ് നന്പരും പോലീസ് സ്റ്റേഷൻറെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പോലീസ് ശേഖരിച്ച ശേഷം നോഡൽ ഓഫീസറെ വിവരം അറിയിക്കും.
പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോൾ വാഹനങ്ങളിലോ മരുന്നുകൾ നിർദ്ദിഷ്ടസ്ഥലത്ത് എത്തിക്കാൻ ആവശ്യമായ നിർദേശം നോഡൽ ഓഫീസർ നൽകും. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ്, കൊച്ചിയിലെ സെൻട്രൽ പോലീസ് സ്റ്റേഷനുകൾ മരുന്നുകൾ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവർത്തിക്കും.
ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും ബന്ധുക്കൾക്കും ഈ കേന്ദ്രങ്ങളിൽ മരുന്ന് എത്തിക്കുകയും ചെയ്യാം. ജില്ലയ്ക്ക് അകത്താണ് മരുന്നുകൾ എത്തിക്കേണ്ടതെങ്കിൽ അവ ശേഖരിച്ച് ജനമൈത്രി പോലീസ് വഴി നൽകേണ്ട ചുമതല അതത് ജില്ലാ പോലീസ് മേധാവിമാർക്കാണ്.