പാലക്കാട്: സർക്കാർ ജീവനക്കാരിൽ ഏറ്റവുംകൂടുതൽ സമയം ജോലി ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥരാണെന്നും അവരുടെ മാനസിക സംഘർഷം ലഘൂകരിക്കാൻ വിദഗ്ധരുടെ നേതൃത്വത്തിൽ കൗണ്‍സലിംഗ് നൽകണമെന്ന് മഹാരാഷ്ട്രാ മുൻ ഗവർണർ കെ.ശങ്കരനാരായണൻ. വിശ്വാസിന്റെ അഞ്ചാം വാർഷികവും ഇ-നീതി കേന്ദ്രയുടെയും പോലീസ് ഉദ്യോഗസ്ഥർക്കുള്ള ക്രൈം കൗണ്‍സലിംഗ് സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനൽ നീതിന്യായ സംവിധാനത്തിൽ ഇരകളുടെ ക്ഷേമത്തിനായുള്ള നൂതന പ്രവർത്തനങ്ങൾ എന്ന വിഷയത്തെക്കുറിച്ച് മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഡോ. പി.എം. നായർ മുഖ്യപ്രഭാഷണം നടത്തി.
വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ.എസ്. ശാന്താദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എം. തുഷാർ , ജില്ലാ ശിശു സംരക്ഷണഓഫീസർ പ്രഫുല്ലദാസ്, ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോർജ് , സീനിയർ എ.പി.പി. കെ.ഷീബ, അഡ്വ. ടി. റീന, കെ.മുരളീധരൻ, എം.പി. സുകുമാരൻ, അഡ്വ. ഗിരീഷ് മേനോൻ, അഡ്വ. വിജയ എന്നിവർ പ്രസംഗിച്ചു. വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ് സ്വാഗതവും വൈസ് പ്രസിഡന്റ് വി.പി. കുര്യാക്കോസ് നന്ദിയും പറഞ്ഞു.