കോഴിക്കോട്: സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ മാനസിക സമ്മര്‍ദം രൂക്ഷം. ജോലിസ്ഥലത്തെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സമ്മര്‍ദം കുറയ്ക്കുന്നതിനുമായി ആഭ്യന്തരവകുപ്പിന് കീഴില്‍ ആവിഷ്കരിച്ച ഹെല്‍പ്പ് ആന്‍ഡ് അസിസ്റ്റന്‍സ് ടു ട്രാക്കിള്‍ സ്ട്രസ് (ഹാറ്റ്സ്) ല്‍ മാത്രം നാലു വര്‍ഷത്തിനുള്ളില്‍ 5000 പോലീസുകാരാണ് കൗണ്‍സലിംഗിന് വിധേയമായത്.
പലരും ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ കാരണമാണ് മാനസിക സമ്മര്ദത്തിനിരയാവുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കുടുംബങ്ങൾ
ചിലരെ കുടുംബപരമായുള്ള പ്രശ്നങ്ങളാണ് അലട്ടുന്നത്. പോലീസുകാര്‍ക്കും അവരുടെ ഏറ്റവും അടുത്ത കുടുംബാംഗത്തിനുമുള്പ്പെടെ 2017ല്‍ മാത്രം 600 പേര്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കിയത്. 2017 മുതല്‍ 2020 വരെയുള്ള ഓരോ വര്‍ഷവും 900 പേര്‍ക്ക് വീതം കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷം മാത്രം ജൂണ്‍വരെ 600 പേര്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരത്താണ് ഹാറ്റ്സിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത്. സൈക്കോളജിസ്റ്റ് ദീപക്, കൗണ്‍സിലര്‍ ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
2017 ജനുവരിയില്‍ ആരംഭിച്ച ഹാറ്റ്സ് വഴി കൗണ്‍സിലിംഗ് നല്കിയ പോലീസുകാര്‍ ഒന്നും തന്നെ ആത്മഹത്യ ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ആശങ്കയായി ആത്മഹത്യ
എല്ലാ ജില്ലകളില്‍ നിന്നുള്ള പോലീസുകാര്‍ക്കും ഇവിടെ കൗണ്‍സലിംഗ് നല്‍കിവരുന്നുണ്ട്. കൗണ്‍സലിംഗ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കാനും അര്‍ഹമായ യാത്രാബത്ത, ദിനബത്ത എന്നിവ നല്‍കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളില്‍ ടെലി കൗണ്സലിംഗായിരുന്നു നടത്തിയത്. ഇപ്പോള്‍ വീണ്ടും നേരിട്ടുള്ള കൗണ്‍സലിംഗ് ആരംഭിച്ചതായും ഹാറ്റ്സ് വിഭാഗം അറിയിച്ചു.
പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിച്ചുവരികയാണ്. 2015 ല്‍ ഏഴ് പേരായിരുന്നു ആത്മഹത്യ ചെയ്തത്. 2016ല്‍ 15 പേരും 2017ല്‍ 14 പേരും 18 ല്‍ 13 പേരും ആത്മഹത്യ ചെയ്തു.
2019 ല്‍ 12 പേരാണ് ആത്മഹത്യ ചെയ്തത്. കോവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധികളും ജോലി ഭാരവും കാരണം പോലീസുകാര്‍ ഇപ്പോഴും കടുത്ത മാനസിക സമ്മര്‍ദമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.