കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ വിവിധ കോവിഡ് ഡ്യൂട്ടികള്‍ക്കായി നിയോഗിക്കുന്നതില്‍ സേനയില്‍ പ്രതിഷേധം ശക്തമാകുന്നു.
വീടുകളില്‍ കിടപ്പിലായ രോഗികള്‍ക്കു ജീവന്‍രക്ഷാ ഔഷധങ്ങള്‍ ആവശ്യമുള്ളപ്പോള്‍ പോലീസിനെ ബന്ധപ്പെടാമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
നിലവില്‍ അമിത ഡ്യൂട്ടി ഭാരം മൂലം കഷ്ടപ്പെടുന്ന തങ്ങൾക്ക് ഇരുട്ടടിയാണ് ഈ ഉത്തരവെന്നു പോലീസുകാര്‍ പറയുന്നു.
കോവിഡുമായി ബന്ധപ്പെട്ടു നിരവധി ജോലികൾ നിലവിൽ പോലീസ് ചെയ്യുന്നുണ്ട്.
ശരിയായ രീതിയില്‍ മാസ്ക് ധരിച്ചിട്ടുണ്ടോയെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നുമുള്ള പരിശോധന, മറ്റ് കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍, ക്വാറന്റൈന് ചെക്കിംഗ്, കണ്ടെയ്ന്മെന്റ് സോണിലെ പരിശോധന, ക്വാറന്റൈന് ലംഘനം ഉള്‍പ്പെടെയുള്ള പരിശോധനകള്‍, ജില്ലാ അതിര്‍ത്തികളിലെ വാഹന പരിശോധന തുടങ്ങിയവ ഇതിൽപ്പെടുന്നു.
ടെലി മെഡിസിന്റെ ഭാഗമായി കോവിഡ് രോഗികള്‍ക്കു മരുന്നുകള്‍ എത്തിച്ചുനല്കേണ്ടി വരുന്നതു പോലീസുകാര്‍ക്കിടയില്‍ രോഗവ്യാപനം കൂട്ടുമെന്ന ആശങ്കയുമുണ്ട്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കോവിഡ് പോസിറ്റീവാകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.
കോവിഡ് രണ്ടാം തരംഗത്തില്‍ കൊച്ചി സിറ്റി പോലീസിനു കീഴില്‍ എൺപതോളം പോലീസ് ഉദ്യോഗസ്ഥരാണു കോവിഡ് ബാധിതരായിട്ടുള്ളത്.
നിരവധിപ്പേര്‍ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്. രോഗബാധിതരുടെ കണക്കുകള്‍ ഇനിയും ഉയരുമെന്നാണു സൂചന.
പിറവം പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം 14 പോലീസുകാര്‍ക്കാണു കോവിഡ് ബാധിച്ചത്.
പല പോലീസുകാരുടെയും കുടുംബാംഗങ്ങളും കോവിഡ് ബാധിതരാകുന്നു. ഇത്തരം സാഹചര്യത്തില്‍ പോലീസുകാരുടെ ഡ്യൂട്ടി രണ്ട് ഷിഫ്റ്റ് ആക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് അധ്യാപകര്‍ ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ നിയമിച്ചാല്‍ പോലീസുകാരുടെ ജോലിഭാരം കുറയ്ക്കാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം പേരാണ് ഇപ്പോള്‍ ജോലിക്കു ഹാജരാകുന്നത്. സംസ്ഥാന യുവജന വകുപ്പിനു കീഴിലുള്ള സന്നദ്ധ സേനകളെയും ഇതിനായി പ്രയോജനപ്പെടുത്താം.
കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി മേലുദ്യോഗസ്ഥര്‍ കീഴ് ജീവനക്കാര്‍ക്കു ക്വോട്ട നിശ്ചയിച്ചു നല്‍കുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോകോള്‍ ലംഘനവുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥന് പ്രതിദിനം 100 കേസുകള്‍ പിടിക്കണമെന്നാണ് ഉത്തരവ്.
ഇതുമൂലമുള്ള അമിത സമ്മര്‍ദത്തിന്റെ ഭാഗമായി നിരപരാധികള്‍ക്കുപോലും പിഴ ചുമത്തേണ്ടി വരുന്നതായും പോലീസുകാര്‍ക്കിടയിൽ സംസാരമുണ്ട്.
സീമ മോഹന്‍ലാല്‍