ആലുവ: കൊറോണ കാലത്ത് ജോലി ഭാരം കൊണ്ട് നട്ടംതിരിയുകയാണ് സംസ്ഥാനത്തെ പോലീസ് സേന. പണിയെടുക്കുന്നതിനിടയിൽ പഴി കേൾക്കാനുമാണ് ഇവരുടെ വിധി.
ഈ ദുരിതങ്ങളെല്ലാം മേലുദ്യോഗസ്ഥർക്ക് ഉത്തമ ബോധ്യമുണ്ടെങ്കിലും അവരും നിസഹായരാണ്. സർക്കാർ പ്രഖ്യാപിത ഡ്യൂട്ടി സമയവും കഴിഞ്ഞ് പലരും കോവിഡുമായി ബന്ധപ്പെട്ട് കർമരംഗത്ത് സജീവമാണ്.
എന്നാൽ ഇവരുടെ ജോലി ഭാരത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ല എന്നത് മറ്റൊരു പ്രധാന പ്രശ്നമാണ്. അതുകൊണ്ട് തന്നെ പ്രതിഫലേച്ഛ ഇല്ലാതെ സാമൂഹിക പ്രതിബന്ധത മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് പോലീസിൽ പലരും ഇപ്പോൾ പ്രവർത്തിച്ച് വരുന്നത്.
രോഗവ്യാപനത്തിനിടയിൽ ഏറെ കഷ്ടതയനുഭവിക്കുന്ന ഒരു വിഭാഗമായി പോലീസ് മാറിയിട്ടുണ്ട്. ഒരുവശത്ത് കോവിഡിനേയും മറുവശത്ത് പൊതുജനത്തേയും നേരിടാൻ പോലീസ് നടത്തുന്ന ശ്രമങ്ങൾ പലപ്പോഴും കഠിനം നിറഞ്ഞതാണ്.
റൂറൽ പോലീസ് മേധാവി മുതൽ താഴെ തട്ടിൽ സിവിൽ ഓഫീസർ വരെ ഊണും ഉറക്കവും ഉപേക്ഷിച്ചാണ് ഈ മഹാമാരിയെ തുരത്താനുള്ള യഞ്ജത്തിൽ പങ്കാളികളായിക്കൊണ്ടിരിക്കുന്നത്.
കണ്ടെയ്ൻമെന്റ് സോണുകളിലാണ് പോലീസിന്റെ സേവനം ഏറ്റവും അനിവാര്യമായി വരുന്നത്. അതിനിടയിൽ ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിക്കുന്നവരെ കണ്ടെത്തി പിഴ ചുമത്തേണ്ട ജോലിയും പോലീസിനാണ്.
ഇതിനെല്ലാം പുറമേ നാട്ടിലെ പൊതുവായ ക്രമസമാധാന ചുമതല വേറെയുമുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധങ്ങൾ പോലുമില്ലാതെ മറ്റ് മാനസികോല്ലാസങ്ങൾ ഉപേക്ഷിച്ച് പണിയെടുക്കുകയാണ് സേനയിലെ പലരും.
ഇതിനിടയിൽ വീണ് കിട്ടുന്ന ഒഴിവ് സമയത്ത് വീട്ടിലെത്തിയാൽ പൊതുജനങ്ങളുമായി സമ്പർക്കമുള്ള ജോലിയായതിനാൽ സ്വന്തം വീട്ടുകാർ പോലും അകലം പാലിക്കാറാണ് പതിവ്.
ഇത്രയധികം കഷ്ടതകൾക്ക് നടുവിൽനിന്ന് പണിയെടുക്കുന്ന പോലീസിന്റെ ദുരിതമേറ്റുന്നതാണ് രാഷ്ട്രീയ പാർട്ടികളുടേയും മറ്റും സമരാഭാസങ്ങൾ.
കർശന നിർദേശങ്ങൾ സമരക്കാർക്കും പ്രകടനക്കാർക്കുമായി സർക്കാർ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതെല്ലാം കാറ്റിൽ പറത്തി ശക്തി തെളിയിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഇവരുടെ നിയമ ലംഘനം അതിര് കടക്കുമ്പോൾ കൈയും കെട്ടി നോക്കിനിൽക്കാൻ പോലീസിന് പലപ്പോഴും കഴിയാറില്ല.
ചില ഘട്ടങ്ങളിൽ ബലപ്രയോഗം തന്നെ വേണ്ടി വരാറുമുണ്ട്. സമരക്കാരുടെ കൂട്ടത്തിൽ കോവിഡ് ബാധിതരുണ്ടെങ്കിൽ അവരുടെ രോഗം വഹിക്കാന്നുള്ള വിധിയും പാവം പോലീസുക്കാരനുണ്ടാകും.
ഡ്യൂട്ടിക്കിടെ രോഗബാധിതരായ പോലീസുകാരുടെ കൃത്യമായ കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇത് സേനയുടെ ആത്മവീര്യം തകർക്കുമെന്നതാണ് കാരണം.
കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ക്വാറന്റീനിലായത് ചേരാനല്ലൂർ സ്റ്റേഷനിലെ എസ്ഐ അടക്കം 15 പോലീസുകാരാണ്.
സ്റ്റേഷന്റെ വരും ദിവസങ്ങളിലെ നടത്തിപ്പിന് തുടർ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കൊച്ചി സിറ്റി പോലീസ്. കോവിഡ് ഡ്യൂട്ടിയിലുള്ള സിവിൽ ഓഫീസർമാരുടെ അരികിലെത്തി ഉന്നത ഉദ്യോഗസ്ഥർ ക്ഷേമം അന്വേഷിക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും വേണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഓർമപ്പെടുത്തിയിരുന്നു.