തിരുവല്ല: നടുറോഡില്‍ വയോധികയെ കടന്നാക്രമിച്ച സിപിഎം പ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെ ജില്ലയിലെ പ്രമുഖ നേതാവിന്റെ ഒത്താശയില്‍ ജാമ്യം നല്‍കി വിട്ടയച്ച പോലീസ് നടപടി വിവാദമാകുന്നു. കഴിഞ്ഞ ഏഴിനു രാത്രി പരുമല പള്ളിക്ക് സമീപമാണ് പുത്തന്‍പറമ്പില്‍ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫിനെ (63) ഏഴംഗ സംഘം മൃഗീയമായി മര്‍ദിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞു പരാതി ഡിവൈഎസ്പിക്കാണ് നല്‍കിയത്.
ത്രേസ്യാമ്മയെ ഗുരുതരമായ പരിക്കുകളോടെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ സ്ഥിതിഗതികള്‍ മോശമായതോടെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കും മാറ്റിയിരുന്നു. സ്ഥലത്തെത്തിയ പുളിക്കീഴ് പോലീസ് യാതൊരു മാനുഷിക പരിഗണനയുമില്ലാതെ വയോധികയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് വാഹനത്തില്‍ വയോധികയെ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ അഭ്യര്‍ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്നും പറയുന്നു.
സംഭവത്തില്‍ ത്യേസ്യാമ്മയുടെ കാലില്‍ നാല് ഒടിവുണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മാരകമായ മുറിവുകളുണ്ട്. ഈ സമയത്ത് നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് പ്രതികളായ ഷാജി, മോളമ്മ, രാജന്‍ എന്നിവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബാക്കിയുള്ള പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തി ആദ്യമണിക്കൂറില്‍ തന്നെ സിപിഎമ്മിന്റെ ജില്ലാ നേതാവ് ഇടപെട്ട് അക്രമിയെ സംരക്ഷിക്കാനുള്ള നടപടി തുടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്ക് ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചുമത്തി പ്രതിയെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചുവെന്നാണ് പരാതി.