ഏറ്റുമാനൂർ: പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ പെരുമ്പായിക്കാട് കോത്താട് അനിക്കൽ ജിബിൻ ജോർജ് (27) പണ്ടേ പ്രശ്നക്കാരനെന്ന് നാട്ടുകാർ.
പ്ലസ് ടു പഠനത്തിനു ശേഷമാണ് ഉപരിപഠനത്തിന് ഇയാളെ സിംഗപ്പൂരിലേക്ക് അയച്ചത്. അവിടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതോടെ നാട്ടിലേക്ക് മടക്കിയയച്ചു.
തിരികെയെത്തിയ ഇയാൾ ചെന്നുപെട്ടത് ലഹരി മാഫിയ സംഘത്തിൽ. ലഹരി ഉപയോഗത്തിന് പണം ലഭിക്കാൻ ഇയാൾ പിതാവിനെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. ഇതിന്റെ പേരിൽ ഇയാൾ പിതാവിനെ തൊഴിക്കുക പോലും ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആറാട്ടു ദിവസം ഇയാൾ പ്രശ്നമുണ്ടാക്കുകയും നിലവിളക്ക് ഉപയോഗിച്ച് ക്ഷേത്രഭാരവാഹിയുടെ തലയ്ക്കടിക്കുകയും ചെയ്തത് രണ്ടു വർഷം മുമ്പാണ്. 2022 മുതൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ കേസുകളുണ്ട്. ആകെ ഏഴു കേസുകളിൽ പ്രതിയാണ്.
ഗാന്ധിനഗർ സ്റ്റേഷനിൽ കൊലപാതക ശ്രമം, ലഹരി ഉപയോഗം, മോഷണം എന്നിവയ്ക്കും കോതമംഗലത്ത് ആക്രമിച്ച് പരിക്കേൽപ്പിക്കലിനും കേസുണ്ട്. ഗാന്ധിനഗറിലെ റൗഡി ലിസ്റ്റിൽ പേരുണ്ട്. ഒരു വർഷം മുമ്പ് കരുതൽ തടങ്കലിൽ വച്ചിരുന്നു.