2012 ജൂണ് മാസത്തിലെ ഒരു രാത്രി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ് കോളെത്തി. കതൃക്കടവ് പാലത്തിനടുത്ത് ഒരു വയോധികൻ തലയ്ക്ക് കല്ലിനുള്ള അടിയേറ്റ് കൊല്ലപ്പെട്ടുവെന്നായിരുന്നു ഫോണ് സന്ദേശം. കോരിച്ചൊരിയുന്ന മഴയത്ത് എസ്ഐ വിജയശങ്കറും സംഘവും അവിടെയെത്തി. പാലത്തിനടുത്തായി അന്തിയുറങ്ങാറുള്ള തമിഴ്നാട് സ്വദേശിയായ 68കാരനാണ് കൊല ചെയ്യപ്പെട്ടിട്ടുള്ളത്.
പോലീസ് എത്തിയതുകൊണ്ട് സമീപത്തുണ്ടായിരുന്നവരൊക്കെ അവിടേക്ക് വന്നു. സംഭവത്തിനു മണിക്കൂറുകൾ മുന്പ് വയോധികനും കൂടെ കാണാറുള്ള പതിനഞ്ചുകാരനും ഒന്നിച്ചിരുന്നു മദ്യപിക്കുന്നതുകണ്ടതായി അവിടെയുളളവർ മൊഴി നൽകി. സംഭവത്തിനുശേഷം പതിനഞ്ചുകാരനെ കാണാനില്ലെന്നായിരുന്നു കടത്തിണ്ണയിൽ ഉറങ്ങിയിരുന്ന മറ്റുള്ളവർ പോലീസിനെ അറിയിച്ചത്. നോർത്ത് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ മുന്പ് കേസ് ഉണ്ടായിട്ടുണ്ടെന്നും അവർ അറിയിച്ചു. കൊല്ലപ്പെട്ട വയോധികന്റെ ഭാര്യ ആ സമയത്ത് നാട്ടിൽ പോയിരിക്കുകയായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പതിനഞ്ചുകാരനായി അന്വേഷണം
ദൃക്സാക്ഷികളുടെ മൊഴികളും സാഹചര്യത്തെളിവുകളുമെല്ലാം പതിനഞ്ചുകാരനിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. അതുകൊണ്ടുതന്നെ അയാളെ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള പോലീസ് അന്വേഷണം.
നാഗർകോവിൽ സ്വദേശിയായ ഇയാൾ അവിടെ നിരവധി മോഷണങ്ങൾ നടത്തിയ ശേഷം പോലീസ് പിടിയിലാകുമെന്ന് ഭയന്നാണ് കേരളത്തിലേക്ക് എത്തിയതെന്ന് അന്വേഷണത്തിൽ എസ്ഐ വിജയശങ്കർ മനസിലാക്കി. റെയിൽവേ ട്രാക്കിലെ വൈദ്യുതി കന്പി മോഷ്ടിച്ച കേസിൽ മധുര റെയിൽവേ പോലീസ് അന്വേഷിക്കുന്ന ഒന്നാം പ്രതി കൂടിയായിരുന്നു ഇയാൾ. കൊച്ചിയിലെത്തിയ ഇയാൾ മറ്റു യാചകർക്കൊപ്പം കടത്തിണ്ണയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. അവിടെ വച്ചാണ് തമിഴ്നാട് സ്വദേശിയായ വൃദ്ധനുമായി പരിചയപ്പെട്ടത്.
കൊലയ്ക്കു ശേഷം മുങ്ങിയ പതിനഞ്ചുകാരനെ പലയിടത്തും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പോലീസിന്റെ തുടർ അന്വേഷണത്തിൽ കലൂർ ആസാദ് റോഡിനു സമീപത്തുള്ള വാടക വീട്ടിൽ ഇയാളുടെ അച്ഛൻ തമിഴ്നാട്ടുകാരായ ചില ജോലിക്കാർക്കൊപ്പം താമസിക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു.
അച്ഛനെ കണ്ട് വിവരങ്ങൾ അന്വേഷിക്കുന്നതിനായി പിറ്റേന്ന് രാത്രി എസ്ഐ വിജയശങ്കറും സംഘവും ആസാദ് റോഡിലേക്ക് പോയി. അവിടെ വച്ച് നൂറു മീറ്റർ മുന്നിലായി പോയ ഒരാൾ പോലീസ് ജീപ്പ് വരുന്നതുകണ്ട് ഓടിമാറുന്നത് എസ്ഐയുടെ ശ്രദ്ധയിൽപ്പെട്ടു. പോലീസ് സംഘം പിൻതുടർന്നെങ്കിലും ഇയാൾ വിദഗ്ധമായ അടുത്ത പറന്പിലെ മതിൽ ചാടിക്കടന്ന് ഇരുളിലേക്ക് മറഞ്ഞു. അവിടെയെല്ലാം പോലീസ് സംഘം ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അതോടെ ഇരുളിലേക്ക് ഓടി മറഞ്ഞത് പതിനഞ്ചുകാരൻ തന്നെയാകാം എന്ന നിഗമനത്തിൽ പോലീസ് ഉറച്ചുനിന്നു. അവിടെനിന്ന് അയാൾ പോകാൻ സാധ്യതയുള്ള സമീപപ്രദേശങ്ങളിലെല്ലാം പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ പതിനഞ്ചുകാരന്റെ അച്ഛനെ കണ്ടെത്തി അയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. എന്നാൽ, മകനെക്കുറിച്ച് കൂടുതലായി അറിവില്ലെന്നാണ് അച്ഛൻ പോലീസിനെ അറിയിച്ചത്. പിറ്റേ ദിവസം രാത്രി ഒരു മണിയോടെ പതിനഞ്ചുകാരൻ ജന്മനാടായ നാഗർകോവിലിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു.
സിനിമയെ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ
അപ്പോൾ തന്നെ എസ്ഐ വിജയശങ്കറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാഗർകോവിലിലേക്ക് തിരിച്ചു. പതിനഞ്ചുകാരൻ അവിടെ നിന്ന് രക്ഷപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു രാത്രി ഒരു മണിക്ക് പോലീസ് സംഘം കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. പുലർച്ചെ നാലര മണിക്ക് ഇയാളുടെ വീട്ടിൽ പോലീസ് എത്തി. രാത്രികാലമായതിനാൽ ഗതാഗതക്കുരുക്ക് കുറവായിരുന്നു.
നാലുമണിക്കൂർക്കൊണ്ടാണ് പോലീസ് കൊച്ചിയിൽ നിന്ന് നാഗർകോവിലിൽ എത്തിയത്. കൊച്ചി പോലീസ് അവിടെയെത്തുന്പോൾ വീട്ടുകാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. കൊച്ചുവീട്ടിലെ വാതിൽ പോലീസ് പുറത്തുനിന്ന് കൈയിട്ട് തുറന്നു. മുറിയിൽ കടന്ന് അവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനഞ്ചുകാരന്റെ കൈയിൽ വിലങ്ങ് വച്ചപ്പോഴാണ് അയാൾ ഉണർന്നത്. പോലീസിന്റെ ചോദ്യങ്ങളോട് ആദ്യം എതിർപ്പു പ്രകടിപ്പിച്ചെങ്കിലും പിന്നീട് അയാൾ കുറ്റം സമ്മതിച്ചു. പോലീസ് സംഘം പ്രതിയുമായി കൊച്ചിയിലേക്ക് തിരിച്ചു.
പ്രതിയെ തേടി തമിഴ്നാട് പോലീസും
വയൽവരന്പുകളുള്ള ചെറു റോഡിലൂടെ കൊച്ചി സിറ്റി പോലീസിന്റെ കാർ മെയിൻ റോഡിലേക്ക് കടന്നപ്പോൾ മറ്റൊരു പോലീസ് ജീപ്പ് വരുന്നത് എസ്ഐ വിജയശങ്കറും സംഘവും കണ്ടു. അത് തമിഴ്നാട് റെയിൽവേ പോലീസിന്റേതായിരുന്നു. റെയിൽവേ ട്രാക്കിലെ വൈദ്യുത കന്പികളുടെ മോഷണവുമായി ബന്ധപ്പെട്ടതായിരുന്നു അത്. എന്നാൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ എസ്ഐ വിജയശങ്കറുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം
കൊച്ചിയിലെ കൊലപാതകത്തിനുശേഷം നാഗർകോവിലിലെത്തിയ ഇയാൾ തമിഴ്നാട് പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടത്തി. കൊലക്കേസിൽ തന്നെ അന്വേഷിച്ച് കൊച്ചി പോലീസ് അവിടെ എത്തിയേക്കാമെന്ന് ഇയാൾ മുന്നിൽ കണ്ടിരുന്നു. അതുകൊണ്ടുതന്നെ തമിഴ്നാട് പോലീസ് സ്റ്റേഷനിൽ വിളിച്ച് താൻ നാട്ടിൽത്തന്നെ ഉണ്ടല്ലോ, ഏതോ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ചതായി കേട്ടല്ലോയെന്നും കുട്ടിക്കുറ്റവാളി അറിയിച്ചിരുന്നു.
ഇത്തരത്തിൽ അറിയിക്കാനുളള അയാളുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. കാരണം മോഷണക്കേസിൽ റെയിൽവേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്താൽ കൊച്ചിയിലെ കൊലപാതകത്തിൽ നിന്ന് നിഷ്പ്രയാസം രക്ഷപ്പെടാൻ കഴിയുമെന്ന് ഇയാൾക്ക് ധാരണയുണ്ടായിരുന്നു. എന്നാൽ, കൃത്യമായ ഇടപെടൽ ഉണ്ടായതിനാൽ സമയം നഷ്ടപ്പെടാതെ, തമിഴ്നാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യും മുന്പേ കൊച്ചി പോലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാനായി. അതോടെ ഒരു കൊലപാതകത്തിന്റെ ചുരുൾ അഴിയുകയാണുണ്ടായത്.
കുറ്റസമ്മതം
കൊച്ചിയിലെത്തിച്ച് പോലീസ് കുട്ടിക്കുറ്റവാളിയെ വിശദമായി ചോദ്യം ചെയ്തു. വൃദ്ധന്റെ കൈയിലുണ്ടായിരുന്ന തുച്ഛമായ തുക തട്ടിയെടുക്കാനായിരുന്നു താൻ കൊല നടത്തിയതെന്ന് പ്രതി സമ്മതിച്ചു. വയോധികന്റെ ഭാര്യ നാട്ടിൽ പോയ സമയമായിരുന്നു കൊലയ്ക്കായി തെരഞ്ഞെടുത്തത്.
ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. ആ സമയത്ത് വയോധികന്റെ പഴ്സിൽ നിറയെ പണം ഇരിക്കുന്നത് പതിനഞ്ചുകാരന്റെ ശ്രദ്ധയിൽപ്പെട്ടു. ആ പണം കവരുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇതിനായി മദ്യപിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികനെ ഇയാൾ തലയ്ക്ക് അടിച്ചു കൊന്നുവെന്ന് പോലീസിനോട് കുറ്റസമ്മതം നടത്തി. ഈ കേസിൽ പ്രതിയെ അഞ്ചു കൊല്ലത്തേക്ക് ജുവനൈൽ കോടതി ശിക്ഷിച്ചു.
എസ്.വിജയശങ്കർ
ഇൻസ്പെക്ടർ ഓഫ് പോലീസ്
പട്ടണക്കാട് പോലീസ് സ്റ്റേഷൻ, ചേർത്തല
തയാറാക്കിയത്- സീമ മോഹൻലാൽ