മാവേലിക്കര: പോലീസ് ഉദ്യോഗസ്ഥർ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ യുവാവിനു 27 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ സംസ്ഥാന പോലീസ് കംപ്ലെയിന്റ് അഥോറിറ്റി ഉത്തരവായി. 2014ൽ നൂറനാട് പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. എസ്ഐ ആയിരുന്ന ആർ. ഫയാസിന്റെ നേതൃത്വത്തിൽ ആറു പോലീസുകാർ ചേർന്നു യുവാവിനെ അന്യായമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിക്കുകയായിരുന്നു.
മല്ലപ്പള്ളി ചാലാപ്പള്ളി എൻഎസ്എസ് ഹൈസ്കൂളിലെ ജീവനക്കാരനായ കുടശനാട് കക്കാട്ട് വീട്ടിൽ അരവിന്ദാക്ഷനാണ് (37) അന്ന് മർദനമേറ്റത്. ഇയാൾ നൽകിയ കേസിലാണ് അഥോറിറ്റി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
നൂറനാട് പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ആയിരുന്ന അജയനെയും മറ്റു ചില പോലീസുകാരെയും 2014 മാർച്ച് എട്ടിനു പടനിലം കാരിമുക്കം ക്ഷേത്രത്തിനുസമീപം രാത്രിയിൽ 15 പേർ ചേർന്നു ഉപദ്രവിച്ച കേസിൽ ഏഴാംപ്രതിയാണ് എന്നാരോപിച്ചു അരവിന്ദാക്ഷനെ 2014 മാർച്ച് 12നാണ് നൂറനാട് എസ്ഐയും മറ്റു പോലീസുകാരും ചേർന്ന് ജോലിസ്ഥലത്തുനിന്നും സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുവന്നത്.
സ്റ്റേഷനിലേക്കു കൊണ്ടുവരുന്ന വഴി പോലീസ് വാഹനത്തിൽവച്ചും പോലീസ് സ്റ്റേഷനുള്ളിൽവച്ചും അരവിന്ദാക്ഷനെ ക്രൂരമായി മർദിച്ചിരുന്നു. കൈവിലങ്ങ് ഇട്ട് ബൂട്ടുകൊണ്ടും ചൂരലു കൊണ്ടും ആയിരുന്നു മർദനം. ഒരപകടത്തെ തുടർന്ന് വലതു കാലിൽ കന്പിയിട്ടിരുന്ന ഇയാളുടെ കാലിൽ കയറി നിന്നായിരുന്നു മർദനം.
രണ്ടുദിവസം കഴിഞ്ഞ് മാർച്ച് 14നാണ് കോടതിയിൽ ഹാജരാക്കിയത്. പോലീസുകാർ മർദിച്ചു എന്ന് മജിസ്ട്രേറ്റിന്റെ മുന്നിൽ അരവിന്ദാക്ഷൻ പരാതിപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
പോലീസുകാരെ ആക്രമിച്ച സംഭവത്തിലെ യഥാർഥ പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസ് നിരപരാധിയായ അരവിന്ദാക്ഷനെയാണ് അറസ്റ്റു ചെയ്തത്. ശരീരത്തിൽ പലയിടത്തും മുറിവുകളേറ്റ ഇയാൾ 16 ദിവസം ജൂഡീഷ്യൽ കസ്റ്റഡിയിലും കഴിയേണ്ടി വന്നു.
കസ്റ്റഡി മർദനം ഏറ്റ അരവിന്ദാക്ഷന് അഞ്ചു ലക്ഷം രൂപ സർക്കാർ അടിയന്തിര ധനസഹായം നൽകണമെന്നും കൂടാതെ 22 ലക്ഷം രൂപ സംസ്ഥാന സർക്കാരും നൂറനാട് എസ്ഐ ആയിരുന്ന ഫയാസും സിപിഒ മാരായിരുന്ന കിഷോർ, സുരേഷ്, അനീഷ്കുമാർ, ലത്തീഫ്, സിറാജുദ്ദീൻ എന്നിവരും ചേർന്ന് ആറ് ആഴ്ചക്കുള്ളിൽ നൽകണമെന്നുമാണ് ഉത്തരവ്.
കൂടാതെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഡിപ്പാർട്ട്മെന്റ് തലത്തിലെ നടപടികൾക്കുപരിയായി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും ആലപ്പുഴ ജില്ലാ പോലീസ് ചീഫിനും എറണാകുളം റേഞ്ച് ഐജിക്കും അഥോറിറ്റി നിർദ്ദേശം നൽകി.