അടൂര്‍: പോലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ ഇന്നു വിശദമായ മൃതദേഹ പരിശോധനയും പോസ്റ്റ്മോര്‍ട്ടവും നടക്കും. കോട്ടയം മെഡിക്കല്‍ കോളജിലാണ് പരിശോധന.
അടൂര്‍ കോട്ടമുകള്‍ ചരിഞ്ഞ വിളയില്‍ ഷെരിഫാണ് (61) മരിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചു എന്നാരോപിച്ചാണ് ഷെരീഫിനെ ഇന്നലെ ഉച്ചയോടെ അടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കെപി റോഡില്‍ മരിയ ആശുപത്രിക്കു സമീപത്തുനിന്നാണ് ഷെരീഫിനെ സ്കൂട്ടര്‍ ഓടിച്ചു പോകവേ മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തില്‍ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചത്.
എസ്ഐ എം. മനീഷിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. ഷെരീഫിനെ പോലീസ് ജീപ്പില്‍ സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനുള്ളിലേക്ക് ഷെരീഫ് പ്രവേശിക്കവേ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഉടന്‍ തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഷെരീഫ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചിരുന്നതായും പോലീസ് പറയുന്നു.
മരണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ സാന്നിധ്യത്തില്‍ സ്റ്റേഷനിലെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ ഷെരീഫ് സ്റ്റേഷനുള്ളിലേക്ക് കടന്നപ്പോള്‍ തന്നെ കുഴഞ്ഞു വീഴുന്നതാണ് കാണുന്നതെന്ന് ഡിവൈഎസപി ആര്.ജയരാജ് പറയുന്നത്.
ആശുപത്രിയില്‍ പ്രാഥമിക പരിശോധനയില്‍ ഷെരീഫിന് ഹൃദയസ്തംഭനം ഉണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞതായും പോലീസ് വിശദീകരിക്കുന്നു.
തിരുവല്ല മജിസ്ട്രേറ്റ് എസ്.ജെ.അരവിന്ദ്, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പരിശോധിച്ച് ഇന്‍ക്വസ്റ്റ് തയാറാക്കിയശേഷമാണ് പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു നീക്കിയത്.
ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. വിശദമായ അന്വേഷണത്തിന് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍ കുമാറിനെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി.