നേമം: അമ്മയും കുഞ്ഞും വീട്ടിലെ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസി (47) നെ കോടതി റിമാൻഡ് ചെയ്തു. വെള്ളായണി പഴയ കാരയ്ക്കാമണ്ഡപം തിരുമംഗലം ലൈനില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് തിരുമിറ്റക്കോട് അറങ്ങോട്ട് എഴുമങ്ങാട് പുത്തന്‍ പീടികയില്‍ കുഞ്ഞി മരയ്ക്കാര്‍ -ഫാത്തിമ ബീവി ദമ്പതികളുടെ മകള്‍ ഷമീറ (36)യും നവജാത ശിശുവുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് നയാസിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മനഃപ്പൂര്‍വമല്ലാത്ത നരഹത്യ, ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് ഷമീറയ്ക്ക് പ്രസവ വേദനയുണ്ടായത്. തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആംബുലന്‍സ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഷമീറയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.
സംഭവ സമയത്ത് നയാസിന്റെ ബന്ധുക്കളായ ചിലരും വീട്ടിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി വീട് പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. അക്യുപങ്ചര്‍ ചികിത്സ ഷമീറയ്ക്ക് നടത്തിയിരുന്നതായി സംശയമുണ്ട്.
പാലക്കാട് സ്വദേശിനിയായ ഷമീറയ്ക്കും പൂന്തുറ സ്വദേശിയായ നയാസിനും രണ്ടാം വിവാഹമാണ് ഇത്. ഇരുവര്‍ക്കും ആദ്യവിവാഹത്തിലും മക്കളുണ്ട്.ഷമീറ പൂര്‍ണ ഗര്‍ഭിണിയായപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടറും ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കണമെന്ന് നിര്ദ്ദേശിച്ചിരൂന്നെങ്കിലും നയാസ് കേൾക്കാൻ തയാറായിരുന്നില്ല.