മലപ്പുറം: പോലീസിലെ ദാസ്യപ്പണി പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിർദേശം മറികടന്നു മലപ്പുറം എസ്പിയുടെ വീട്ടിൽ ദാസ്യപ്പണിയെന്നു ആരോപണം. മലപ്പുറം എസ്പി പ്രതീഷ് കുമാറിന്റെ വീട്ടിലാണ് ദാസ്യപ്പണിക്ക് മലപ്പുറം ഏആർ ക്യാന്പിൽ നിന്നു ക്യാന്പ് ഫോളേവേഴ്സിനെ കൊണ്ടുപോയതായി ആക്ഷേപമുള്ളത്.
ഏആർ ക്യാന്പ് എസിയുടെ നിർദേശപ്രകാരമാണ് പാചകക്കാരനെയും അലക്കുകാരനെയും കൊണ്ടുപോയത്. പോലീസിലെ ദാസ്യപ്പണിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു ക്യാന്പ് ഫോളോവേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
ജില്ലാ എസ്പിമാരടക്കമുള്ളവരുടെ വീടുകളിൽ പോലീസുകാരുടെ ദാസ്യപ്പണി വ്യാപകമാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിഷേധം ഉയർന്നതോടെ മുഖ്യമന്ത്രി ഇടപെട്ടു ശക്തമായ നടപടിയെടുക്കുമെന്നു ഉറപ്പുനൽകുകയായിരുന്നു. ക്യാന്പ് ഫോളോവേഴ്സ് നേരിടുന്ന മറ്റ് പ്രശ്നങ്ങളെക്കുറിച്ചും അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിരുന്നു.
നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും പഠിക്കാൻ കമ്മിഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഏആർ ക്യാന്പിൽ നിന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ദാസ്യപ്പണി ചെയ്യാൻ മുൻപും പതിവായി ക്യാന്പ് ഫോളോവേഴ്സിനെ കൊണ്ടുപോയതായി ആക്ഷേപമുണ്ടായിരുന്നു.