തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം പോലീസുകാർ പ്രതികളായ 347 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇതിൽ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ഒമ്പത് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. പൊതുജനങ്ങളോടു മാന്യമായ പെരുമാറ്റം പോലീസിന്റെ ഭാഗത്തുനിന്ന് ഉറപ്പാക്കാനായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും സർക്കുലർ നൽകിയിട്ടുള്ളതായി അൻവർ സാദത്തിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ആദിവാസി വിഭാഗങ്ങളിൽ നിന്ന് 500 വൈൽഡ് ലൈഫ് വാഡർമാരെ പിഎസ്സി വഴി നിയമിക്കുമെന്ന് മന്ത്രി കെ.രാജു നിയമസഭയിൽ അറിയിച്ചു. കാട്ടുതീ തടയുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായാണ് നിയമനമെന്നും മന്ത്രി പറഞ്ഞു.
ശബരിമല മാസ്റ്റർ പ്ലാനിൽ അംഗീകരിച്ച നിർമാണങ്ങൾക്കു വനം വകുപ്പ് തടസം നിൽക്കില്ലെന്നു മന്ത്രി കെ. രാജു അറിയിച്ചു. വനം വകുപ്പുകൂടി ചേർന്നാണ് മാസ്റ്റർ പ്ലാൻ അംഗീകരിച്ചത്. ശബരിമലയിൽ ഭൂഗർഭകേബിൾ വലിച്ച് വൈദ്യുതി എത്തിക്കുന്നതിന് മാസ്റ്റർ പ്ലാൻ പ്രകാരം തടസമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
തോട്ടം തൊഴിലാളികളെ ഇഎസ്ഐ പദ്ധതിൽ ഉൾപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കുമെന്ന് ജോർജ് എം. തോമസിനെ മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു.സംസ്ഥാനത്തെ എസ്സി,എസ്ടി ഹോസ്റ്റലുകളിൽ സ്റ്റോക്ക് രജിസ്റ്റർ, വിതരണ രജിസ്റ്റർ, കാഷ് ബുക്ക് എന്നിവ കൃത്യമായി പരിപാലിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു.
സംസ്ഥാനത്ത് 3.28 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ അറിയിച്ചു. കുടിയേറ്റ തൊഴിലാളിക്ഷേമ പദ്ധതി പ്രകാരം 55430 ഇതര സംസ്ഥാന തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ വ്യക്തി വിവരങ്ങൾ ശേഖരിച്ച് ജില്ലാടിസ്ഥാനത്തിൽ തിരിച്ചറിയൽ കാർഡു നൽകുമെന്നും മന്ത്രി പറഞ്ഞു.
പത്തു വർഷത്തെ ജല വിതാനവുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് തുറന്ന കിണറുകളിൽ 62 ശതമാനത്തിലും കരിങ്കൽ പ്രദേശത്തെ കുഴൽക്കിണറുകളിൽ 60 ശതമാനത്തിലും ജല വിതാനം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി സഭയിൽ അറിയിച്ചു.
ഈ വർഷം സെപ്റ്റംബറിലെ ജലവിതാനം കഴിഞ്ഞ വർഷത്തേതുമായി താരതമ്യപ്പെടുത്തുന്പോൾ 75 ശതമാനം തുറന്ന കിണറുകളിലും 72 ശതമാനം കുഴൽക്കിണറുകളിലും ഭൂജലവിതാനം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
ചെറിയ കാലയളവിൽ കൂടുതൽ മഴ ലഭിച്ചതും ഭൂമിയിലേക്ക് വെള്ളം ഉൗർന്നിറങ്ങുന്നതിനുള്ള സമയം കുറഞ്ഞതും ഇതിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്. ഉപരിതലത്തിൽനിന്നുജലം താഴേക്ക് ഇറങ്ങുന്ന പ്രക്രിയ കുറയുകയും കടലിലേക്കുള്ള ഒഴുക്ക് കൂടുകയും ചെയ്തു. ഭൂജല ശേഖരത്തിനുള്ള ശേഷി അധികമഴ മൂലം നഷ്ടപ്പെട്ടതായി പഠനത്തിൽ കണ്ടെത്തിയന്ന് കെ.സി. ജോസഫിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
മദ്യവില്പനയിലൂടെ 11024 കോടി രൂപ നികുതി ഇനത്തിൽ ലഭിച്ചു
മദ്യവില്പനയിലൂടെ കഴിഞ്ഞ സാന്പത്തിക വർഷം ബിവറേജസ് കോർപറേഷന് 11024 കോടി രൂപ നികുതി ഇനത്തിൽ ലഭിച്ചുവെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. 2016-17 സാന്പത്തിക വർഷത്തിൽ ഇത് 10353 കോടി രൂപയായിരുന്നു. 2017-18 ലെ വില്പന 2016-17 ലെ വില്പനയുമായി താരതമ്യം ചെയ്യുന്പോൾ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വില്പന 3.10 ലക്ഷം പെട്ടി കൂടിയിട്ടുണ്ട്. ബിയറിന്റെ വില്പന 34.71 ലക്ഷം പെട്ടി കുറഞ്ഞിട്ടുണ്ട്.