മൂവാറ്റുപുഴ: ദേഹത്തു രക്തപ്പാടുകൾ കണ്ടതിൽ ദുരൂഹത തോന്നി നാട്ടുകാർ പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്. സംഭവത്തിൽ പത്തു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പത്തോടെ വാളകത്താണ് സംഭവം. രക്തത്തിൽ കുളിച്ചുവന്ന തൊഴിലാളിയെ കണ്ട നാട്ടുകാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. പോലീസിനെ വിളിക്കാനായി തുടങ്ങിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടിച്ചുനിർത്തി കെട്ടിയിടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
വാളകത്ത് രണ്ടു സ്ത്രീകൾ തനിച്ചു താമസിക്കുന്ന വീട്ടിൽ കയറി ഇയാൾ അക്രമം നടത്തിയതായി പറയുന്നുണ്ട്. മർദനത്തിനിരയായതിനാലാകാം ഇയാളുടെ ദേഹത്ത് രക്തപ്പാടുകൾ കണ്ടതെന്നു പോലീസ് കരുതുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.