മുളങ്കുന്നത്തുകാവ്: രക്തം ഛർദ്ദിച്ച നിലയിൽ കണ്ടെത്തിയ പോലീസുകാരൻ മരിച്ചു. തൃശൂർ എആർ ക്യാന്പിലെ പോലീസുകാരനായ കൊല്ലം കാവനാട് കുഴിപ്പുഴ സ്വദേശി കരിയാപുറത്ത് വീട്ടിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ നസീർ(48)ആണ് മരിച്ചത്.
രണ്ടു ദിവസം മുന്പാണ് എആർ ക്യാന്പിലെ സീനിയർ സിപിഒ ആയ നസീറിനെ ക്യാന്പിൽ രക്തം ഛർദ്ദിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകർ ഉടൻ തന്നെ നസീറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നുപുലർച്ചെയോടെ മരണം സംഭവിച്ചു.
കരൾസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു നസീറെന്ന് പറയുന്നു. മദ്യപിക്കരുതെന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിരുന്നുവെങ്കിലും രണ്ടുദിവസം മുന്പ് നസീർ മദ്യപിച്ചിരുന്നു. ഇതെത്തുടർന്ന് ഇയാളെ കമ്മീഷണർ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വൈകീട്ട് വീണ്ടും അമിതമായി മദ്യപിക്കുകയും രക്തം ഛർദ്ദിക്കുകയുമായിരുന്നു.
ജില്ല സായുധസേനയിൽ കഴിഞ്ഞ 19 വർഷമായി സേവനം അനുഷ്ഠിക്കുകയായിരുന്നു നസീർ. മരുന്നുകൾ കഴിക്കാതെയും ചികിത്സിക്കാതെയും നസീറിന് രോഗം മൂർച്ഛിച്ച വിവരം ഡോക്ടർ രണ്ടു ദിവസം മുന്പ് കമ്മീഷണറെ അറിയിച്ചിരുന്നതായും പറയുന്നു. ഇതെത്തുടർന്നാണ് കമ്മീഷണർ ഇയാളെ വിളിച്ചുവരുത്തി മദ്യപിക്കരുതെന്ന് താക്കീത് നൽകിയതത്രെ.
മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: ജാസ്മിൻ. മക്കൾ: മിൻസ, മിനസ.