പാലക്കാട്: ദുരൂഹ സാഹചര്യത്തിൽ പോലീസുകാർ മരിച്ച സംഭവത്തിൽ നാട്ടുകാരായ രണ്ടു പേർ കസ്റ്റഡിയിൽ. പോലീസുകാർ മരിച്ചത് പാടത്ത് പന്നിക്കായിവച്ച വെദ്യുതിക്കെണിയിൽ തട്ടിയാണെന്നാണ് നിഗമനം. കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവീൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിനു സമീപമുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വയലിൽ പന്നിക്കായി വെദ്യുതിക്കെണി വച്ചിരുന്നുവെന്ന് കസ്റ്റഡിയിലായവർ മൊഴി നൽകിയിട്ടുണ്ട്.
രാവിലെ തങ്ങളെത്തിയപ്പോൾ രണ്ടു പേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടു. ഇതോടെ വൈദ്യുതക്കെണി സ്ഥലത്തുനിന്നും മാറ്റി. മൃതദേഹങ്ങൾ രണ്ടിടത്ത് കൊണ്ടിടുകയും ചെയ്തെന്ന് ഇവർ പോലീസിന് മൊഴി നൽകി.
അശോകനെയും മോഹൻദാസിനെയും കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിൽ ഇവരെ കാണാനില്ലന്നു പരാതി നൽകിയിരുന്നു. പോലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇവരെ ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു മൃതദേഹങ്ങളും വയലിൽ രണ്ടിടത്തായിട്ടായിരുന്നു കിടന്നിരുന്നത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഇരുവരും മഫ്ടിയിലായിരുന്നു. ഇവർ വൈകിട്ട് മീൻപിടിക്കാൻ പോയതാണെന്നാണ് കരുതുന്നത്.