കൊച്ചി: ക്ഷേത്രം ഉത്സവത്തിനു ക്രമസമാധാനപാലനത്തിനും ഗതാഗതം നിയന്ത്രിക്കാനും ഹിന്ദുക്കളായ പോലീസുകാരെ മാത്രം അനുവദിക്കണമെന്ന കൊച്ചിന് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ കത്ത് വിവാദമായി.
ഫെബ്രുവരി രണ്ടിനു നടക്കുന്ന വൈറ്റില ശിവസുബ്രമണ്യക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനാണ് ഹിന്ദുക്കളായ പോലീസിനെ ആവശ്യപ്പെട്ടത്. സംഭവം വിവാദമായതിനു പിന്നാലെ ദേവസ്വം ബോര്‍ഡ് കത്ത് പിന്‍വലിച്ചു.
തൃപ്പൂണിത്തുറയിലെ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറാണ് ഈ ആവശ്യമുന്നയിച്ചു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചത്. ഉത്സവത്തിന് ആവശ്യമായ ഹിന്ദുക്കളായ പോലീസ്, വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് താത്പര്യപ്പെടുന്നു എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്നു പോലീസ് അസോസിയേഷന് പ്രതിഷേധവുമായി രംഗത്തെത്തി. ദേവസ്വം മന്ത്രിക്കു പരാതിയും നല്കി.
പോലീസുകാരെ മതവും ജാതിയും അടിസ്ഥാനമാക്കി വേര്‍തിരിച്ചു ഡ്യൂട്ടിക്കു നിയോഗിക്കരുതെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും പോലീസ് അസോസിയേഷന് സംസ്ഥന കമ്മിറ്റി പരാതിയില്‍ പറഞ്ഞു.
പോലീസ് അസോസിയേഷന് കൊച്ചി വിഭാഗം കത്തിനെതിരേ സിറ്റി പോലീസ് കമ്മീഷണര്‍ക്കും കത്ത് നല്കി.സംഭവത്തില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറോട് ദേവസ്വം വകുപ്പ് വിശദീകരണം തേടി.