റെനീഷ് മാത്യു
കണ്ണൂർ: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിനു നിർദേശം.
പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഇന്റലിജൻസ് എഡിജിപി സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗത്തിനു നിർദേശം നല്കിയിരിക്കുന്നത്.
നിരീക്ഷിക്കും
എസ്ഐ, സിഐ, ഡിവൈഎസ്പിമാർ ഉൾപ്പെടയുള്ള ഉദ്യോഗസ്ഥരെയാണ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നത്. അതതു ജില്ലകളിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നത്.
പോലീസ് സ്റ്റേഷൻ പരിധികളിലെ ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യണം. രഹസ്യാന്വേഷണ വിഭാഗം ഇന്റലിജൻസ് എഡിജിപിക്കു നല്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്കു നല്കും.
ക്രിമിനൽ പശ്ചാത്തലം
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇനിയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും സ്ഥലമാറ്റവും.
റിപ്പോർട്ട് മോശമായാൽ പ്രൊമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നല്കില്ല. ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക തയാറാക്കി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.
സിപിഐ
ഉത്ര, മൊഫിയ പർവീൺ കേസുകളിൽ സംസ്ഥാന പോലീസിനെതിരേ ഇടതുമുന്നണിയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
സിപിഐ അടക്കമുള്ള ഘടകകക്ഷികൾ പോലീസിനെതിരേ രംഗത്തു വന്ന സാഹചര്യത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാർക്കെതിരേ ശക്തമായ നടപടി എടുക്കാനാണ് സർക്കാർ തീരുമാനം.