കാട്ടാക്കട : മാലിന്യക്കൂന്പാരത്തിൽ പോലീസ് രേഖകൾ കണ്ടെത്തിയ സംഭവത്തിൽ മാലിന്യം തള്ളാനെത്തിയ നാലുപേരെ മലയിൻകീഴ് പോലീസ് പിടികൂടി.
റിപ്പബ്ലിക് ദിനത്തിൽ രാവിലെയാണ് മലയിൻകീഴ് മേപ്പൂക്കട താലൂക്ക് ആശുപത്രി റോഡിൽ ഹോട്ടലിലെ ഭക്ഷ്യാവശിഷ്ടമടങ്ങിയ ചാക്കുകെട്ടുകൾക്കൊപ്പം ഇരവിപുരം പോലീസ് സ്റ്റേഷനിലെ രേഖകളും കണ്ടെത്തിയത്.മലയിൻകീഴ് പഞ്ചായത്ത് നൽകിയ പരാതിയിലാണ് നാലുപേരെ അറസ്റ്റ് ചെയ്തത്.
വാഹനത്തിന്റെ ഡ്രൈവർ പേയാട് പനയ്ക്കാവിള സനൂജ മൻസിലിൽ എസ്.മുബിൻ(28), പാറശാല കാരാളി നടുത്തോട്ടം ഗവ. ജിഎച്ച്എസ്എസിനു സമീപത്തെ തേവറത്തലയ്ക്കൽ വീട്ടിൽ ടി.ഷാജി(45), ഇയാളുടെ സഹോദരൻ ടി.രാജീവ്(48), പരശുവയ്ക്കൽ മേലേക്കോണം വഴുതോട്ടുകോണം പുത്തൻവീട്ടിൽ എസ്.സജി(42) എന്നിവരെയാണ് മലയിൻകീഴ് സ്റ്റേഷൻ ഇൻസ്പെക്ടർ സൈജു എ.വി. അറസ്റ്റ് ചെയ്തത്.
ഇരവിപുരം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ വീടുമാറിയപ്പോൾ ഉണ്ടായിരുന്ന കടലാസുകൾ നശിപ്പിക്കാൻ പാറശ്ശാലയിലേക്ക് ഹോട്ടൽ മാലിന്യം കൊണ്ടുപോകാനെത്തിയവരെ ഏൽപ്പിക്കുകയായിരുന്നു.
ഫോൺ നമ്പർ ശേഖരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.സംഭവത്തെ കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.