ഓക് ലൻഡ്: ന്യൂസിലൻഡിലെ ഒക് ലൻഡിൽ വിമാനത്താവളത്തിന്റെ റണ്‍വേയിൽ കടന്ന പോലീസ് നായയെ വെടിവച്ചുകൊന്നു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പത്തുമാസം മാത്രം പ്രായമുള്ള ഗ്രിസ് എന്ന നായയെയാണ് വെടിവച്ചുകൊന്നത്.
വിമാനത്താവളത്തിൽ ഡോഗ് യൂണിറ്റിന്റെ വാഗണിലായിരുന്നു ഗ്രിസിനെ പാർപ്പിച്ചിരുന്നത്. എന്നാൽ എങ്ങനെയോ കൂട്ടിൽനിന്നു രക്ഷപ്പെട്ട് സുരക്ഷാ മേഖലയിലേക്കു കടന്ന നായ റണ്‍വേയിയിലൂടെ തലങ്ങും വിലങ്ങും ഓടി. പിടിക്കാനെത്തിയവരെ ഗ്രിസ് അടുപ്പിച്ചതുമില്ല. യാത്രക്കാരുടെ മേഖലയിലേക്കു കടന്നാൽ കൂടുതൽ അപകടങ്ങൾക്കുള്ള സാധ്യതയുണ്ടായിരുന്നു. ഒടുവിൽ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പിടികൂടാൻ കഴിയാതിരുന്നതിനെ തുടർന്ന് നായയെ വെടിവയ്ക്കാൻ വിമാനത്താവള അധികൃതർ പോലീസിനോടു നിർദേശിക്കുകയായിരുന്നു.
നായയെ പിടികൂടാൻ വൈകിയതിനെ തുടർന്ന് 16 വിമാന സർവീസുകൾ വൈകി. അതേസമയം നായയെ വെടിവച്ച നടപടിക്കെതിരേ പ്രതിഷേധമുയരുന്നുണ്ട്. എന്തുകൊണ്ട് ഗ്രിസിനെ മയക്കുവെടി വച്ചില്ല എന്നാണ് നായസ്നേഹികൾ ചോദിക്കുന്നത്.