കോട്ടയം: പ്രമുഖ ഓണ്‍ലൈന്‍ വിപണന സൈറ്റില്‍ ഇടംപിടിച്ച റാണി എന്ന നായ്ക്കുട്ടി ഇനി ഇടുക്കി പോലീസിന്റെ ശ്വാന സ്ക്വാഡിലേക്ക്. ജില്ലയില്‍നിന്ന് ഒരാഴ്ചയ്ക്കിടയില്‍ രണ്ടാമത്തെ നായ്ക്കുട്ടിയാണു ഡോഗ് സ്ക്വാഡിന്റെ ഭാഗമാകുന്നത്. കോട്ടയം ചാലുകുന്നില്‍ വാടകയ്ക്കു താമസിക്കുന്ന പുതുപ്പള്ളി പരിയാരം കളപ്പുരയ്ക്കല്‍ കെ.കെ. രമയുടെ മൂന്നരമാസം പ്രായമുള്ള ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയെ ആണ് ഇടുക്കി ഡോഗ് സ്ക്വാഡിലേക്ക് ഇന്നലെ കൈമാറിയത്.
ഇടുക്കി ഡോഗ് സ്ക്വാഡ് ഇന്‍ ചാര്‍ജ് എഎസ്‌ഐ ചാക്കോ ഫ്രാന്‍സിസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ആര്‍. പ്രതീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍ കുമാര്‍, എബിന്‍ ടി. സുരേഷ് എന്നിവരാണു നായയെ ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ അടിവാരത്തുനിന്നു പാലാ വരാച്ചേരില്‍ ജോര്‍ജിന്റെ ലാബ്രഡോര്‍ നായ്ക്കുട്ടിയെ എറണാകുളം ഡോഗ് സ്ക്വാഡിലേക്കു കൈമാറിയിരുന്നു.
ഒരു മാസം മുമ്പ് കെ.കെ. രമ റാണി എന്ന സ്വന്തം നായയെ വില്‍ക്കാനായി പ്രമുഖ ഓണ്‍ലൈന്‍ വിപണനസൈറ്റില്‍ പരസ്യം ചെയ്തിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട ഡോഗ് സ്ക്വാഡ് അംഗങ്ങള്‍ രമയെ വിളിച്ചു നായയെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നായ്ക്കുട്ടിയുടെ എക്‌സ്‌റേ, രക്തപരിശോധന എന്നിവ നടത്തി വെറ്ററിനറി സര്‍ജന്റെ സര്‍ട്ടിഫിക്കറ്റ് നേടി നായ്ക്കുട്ടിയുടെ ഫിറ്റ്‌നസ് വിലയിരുത്തിയ ശേഷമാണു ഡോഗ് സ്ക്വാഡിലേക്കു തെരഞ്ഞെടുത്തത്.
16,000 രൂപയാണു നായ്ക്കുട്ടിയുടെ വില. അഞ്ചു വര്‍ഷം മുമ്പാണ് രമ നായവളര്‍ത്തല്‍ ആരംഭിച്ചത്. നിലവില്‍ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട രണ്ടു നായക്കള്‍ രമയ്ക്കുണ്ട്. അവയിലൊന്നു പോലീസ് ട്രെയിനിംഗ് കഴിഞ്ഞതാണ്.