സ്വന്തം ലേഖകൻ
രാമവർമപുരം: കേരള പോലീസിന്റെ ഡോഗ് സ്ക്വാഡിലെ മികച്ച പോലീസ് ആണ്നായ തണ്ടറിന് ഒൗദ്യോഗിക ബഹുമതികളോടെ കേരള പോലീസിന്റെ യാത്രാമൊഴി. ഇന്നലെ ചത്ത തണ്ടറിനെ രാമവർമപുരം കേരള പോലീസ് അക്കാദമിയിൽ ഒൗദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്തു.ആകാശത്തേക്ക് വെടി ഉതിർത്ത് ഒൗദ്യോഗിക ബഹുമതികളോടെയാണ് തണ്ടറിന് കേരള പോലീസ് അന്ത്യാഞ്ജലിയർപ്പിച്ചത്.
സ്ഫോടകവസ്തുക്കൾ മണത്തുപിടിക്കുന്നതിൽ മികവ് തെളിയിച്ച തണ്ടർ രാമവർമപുരത്തുള്ള പോലീസ് നായ്ക്കളുടെ വിശ്രമകേന്ദ്രത്തിലായിരുന്നു റിട്ടയർമെന്റിന് ശേഷം കഴിഞ്ഞിരുന്നത്.പതിനൊന്ന് വയസായിരുന്നു തണ്ടറിന്.കേരള പോലീസിനായി സേവനം അനുഷ്ഠിച്ച നായ്ക്കളെ പരിപാലിക്കുന്നതിനായി രാമവർമപുരം കേരള പോലീസ് അക്കാദമിയിൽ വിശ്രാന്തി കെ 9 റിട്ടയർമെന്റ് സെന്ററിൽ പാർപ്പിക്കുന്നുണ്ട്.
2009ൽ കേരള പോലീസ് അക്കാദമിയിൽ നിന്ന് ട്രെയിനിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ തണ്ടർ കൊല്ലം സിറ്റി പോലീസിന്റെ കീഴിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. എട്ടുവയസുവരെയാണ് ഇവയുടെ സർവീസ് കാലം. ഈ വരുന്ന ഡിസംബർ 30ന് തണ്ടറിന് 11 വയസ് തികയും.
ലാബ്രഡോർ റിട്രീവർ ഇനത്തിൽ പെട്ട മഞ്ഞ നിറത്തിലുള്ള തണ്ടർ കേരള പോലീസ് അക്കാദമി സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്കൂളിലെ രണ്ടാമത്തെ ബാച്ചിലാണ് എക്സ്പ്ലോസീവ് ഡിറ്റക്ഷൻ വിഭാഗത്തിൽ പരിശീലനം പൂർത്തിയാക്കിയത്. എട്ടുവർഷമാണ് കൊല്ലം സിറ്റി ജില്ല പോലീസിന്റെ ഭാഗമായി തണ്ടർ സേവനം അനുഷ്ഠിച്ചത്.
ഇരവിപുരം അടക്കം കൊല്ലം ജില്ലയിലെ ഒന്നിലേറെ സ്ഥലങ്ങളിൽ നിന്നും സ്ഫോടകവസ്തുക്കൾ മണത്തു കണ്ടുപിടിച്ച് കേരള പോലീസ് ഡോഗ് സ്ക്വാഡിലെ അഭിമാന താരമായിരുന്നു തണ്ടർ.അവസാനകാലം ചെലവഴിച്ച വിശ്രാന്തിയുടെ പരിസരത്ത് നിത്യവിശ്രമത്തിലേക്ക് തണ്ടറിനെ യാത്രയാക്കാൻ പോലീസ് അക്കാദമിയിലെ പോലീസുകാരടക്കമുള്ളവർ എത്തിയിരുന്നു.