പേരൂർക്കട: ജീപ്പുകൾ ഓടിക്കാൻ പോലീസുകാരില്ലാത്തതിനാൽ വാഹനത്തിന്റെ വളയം പിടിക്കാൻ വിധിക്കപ്പെട്ട് എസ്ഐമാർ. പേരൂർക്കട, വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ എസ്ഐമാരാണ് ജീപ്പുകൾ ഓടിക്കാൻ ഡ്രൈവർ സിപിഒമാരില്ലാതെ വിഷമിക്കുന്നത്. പോസ്റ്റിംഗും ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഡ്രൈവർമാർ വിവിധ സ്ഥലങ്ങളിലേക്ക് പോയതോടെയാണ് സ്റ്റേഷനുകളിൽ വാഹനം കൈകാര്യം ചെയ്യാൻ ആളില്ലാതായത്.
പേരൂർക്കട, വട്ടിയൂർക്കാവ് സ്റ്റേഷനുകളിൽ അഞ്ചിലേറെ ഡ്രൈവർ സിപിഒമാരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾപോലും ഇപ്പോൾ ഇല്ല. ചില അവസരങ്ങളിൽ ജീപ്പ് ഓടിക്കാൻ ലൈസൻസ് അനുവദിക്കപ്പെട്ടിട്ടുള്ള പോലീസുകാർ വാഹനങ്ങൾ കൈകാര്യം ചെയ്യും. പേരൂർക്കട പോലീസ് സ്റ്റേഷനിലെ കാര്യമാണ് ഇതിലും കഷ്ടം. ഇവിടെ ജീപ്പ് ഓടിക്കുന്നത് എസ്ഐതന്നെയാണ്. ഒരൊറ്റ ഡ്രൈവർ സിപിഒയും ഇവിടെയില്ല. സിഐയുടെ വാഹനം ഓടിക്കാൻ പോലും ഡ്രൈവർമാർ ഇല്ലാത്ത അവസ്ഥയാണ്.