ഷൊർണൂർ: കോവിഡ് കാല നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയെങ്കിലും പോലിസ് സേനയിൽ ജോലി ഭാരം കുറയുന്നില്ല. മുന്പുണ്ടായിരുന്നതിലും വലിയ വെല്ലുവിളിയാണ് പോലീസിന് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് ഇവർ പറയുന്നത്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സമരങ്ങളുടെ വേലിയേറ്റമാണ് നടന്നുവരുന്നത്. സമരങ്ങൾ തടയാൻ പോലീസ് ഇറങ്ങുന്നത് മുന്നും പിന്നും ആലോചിക്കാതെ തന്നെയാണ്. പ്രക്ഷോഭങ്ങൾക്ക് എത്തുന്ന ആൾക്കൂട്ടത്തിൽ എത്ര പേർക്ക് രോഗബാധ ഉണ്ട് എന്ന് തിരിച്ചറിയുക പ്രയാസം.
മുൻകരുതലുകൾ പലപ്പോഴും ഫലപ്രദമാകില്ല എന്നുള്ളതും സത്യം. രോഗം പിടി ഇടപെടും, എന്ന് ഉറപ്പിച്ചു തന്നെയാണ് ഭൂരിഭാഗം ഉദ്യോഗസ്ഥ·ാരും പ്രക്ഷോഭങ്ങൾ നേരിടാനും മറ്റു ജോലികൾക്കുമായി ഇറങ്ങിത്തിരിക്കുന്നത്. മുന്പ് കോവിഡ് കാല നിയന്ത്രണങ്ങളിൽ സർക്കാർ പിടി മുറുക്കിയപ്പോൾ ഉള്ളതിനെക്കാളും വലിയ ഭീഷണിയാണ് പോലിസ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
കോവിഡ് സമൂഹ വ്യാപനം ശക്തമായ സാഹചര്യത്തിലാണ് ഇത്. ഇതിനു പുറമേ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേസുകളുടെ എണ്ണം കൂടിയതിന്റെ എഴുത്ത് ജോലികൾ തീർക്കാനും ഏറെ ബാക്കിയാണ്. പാലക്കാട് ജില്ലയിൽ മാത്രം ആയിരക്കണക്കിന് കേസുകളാണ് കോവിഡ കാലത്ത് മാത്രം പോലീസ് എടുത്തിട്ടുള്ളത്.
കേസുകൾ കോടതികളിലേക്ക് അയക്കൽ, പ്രതികൾക്ക് സമൻസ് അയക്കൽ, അറസ്റ്റ് ഉണ്ടായാൽ അതിലുള്ള തുടർനടപടികൾ എന്നിവയെല്ലാം കൂടിയാവുന്പോൾ പോലീസ് ശരിക്കും വലയുന്നുണ്ട്. ലോക് ഡൗണ് നിയമം ലംഘിച്ച വാഹനങ്ങൾ, സാമൂഹിക അകലം ലംഘിക്കൽ, കൂട്ടം ചേരൽ ക്വാറന്റീൻ ലംഘനം.
തുടങ്ങി വിവിധ തരം കേസുകൾ, അറസ്റ്റ്. വാഹനങ്ങൾ പിടികൂടൽ എന്നിവയും ഇതിനിടയിൽ നടക്കണം. അതേസമയം കുറ്റകൃത്യങ്ങൾ ഉണ്ടാകുന്പോൾ പ്രതികളെ കൃത്യമായി പിടികൂടാൻ കഴിയാത്ത സാഹചര്യം ഇപ്പോൾ പോലീസിന് മുന്പിലുണ്ട്.
പ്രതികളെ അറസ്റ്റ് ചെയ്യാനും, തുടർ നടപടികളുടെ ഭാഗമായി മജിസ്ട്രേറ്റിന് മുന്പിൽ ഹാജരാക്കാനും, റിമാൻഡ് ചെയ്യേണ്ട കേസുകൾ ആണെങ്കിൽ ഇതിനും നടപടികൾ സ്വീകരിക്കേണ്ടതായിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ചില കേസുകളിൽ നിസാര വകുപ്പുകൾ ചുമത്തി കണ്ണടക്കാനാണ് പോലീസ് ഇപ്പോൾ ശ്രമിച്ചു വരുന്നത്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ പിടികൂടി കോവിഡ് ഇല്ലെന്ന് ഡോക്ടറെ കൊണ്ട് പരിശോധന നടത്തി സ്ഥിരീകരിച്ച് തുടർ നടപടികൾ അനുവർത്തിക്കാൻ നിലവിലുള്ള സാഹചര്യം പോലീസിനെ അനുവദിക്കുന്നില്ല.കോടതികൾ സമയബന്ധിതമായി പ്രവർത്തിക്കാത്തതും.
ജയിലുകളിൽ പ്രതികൾക്ക് കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിക്കുന്നതും. നിയമ പരിപാലനം കുറ്റമറ്റതാക്കുന്ന തിൽനിന്നും പോലീസിനെ പുറകോട്ട് അടിപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒറ്റപ്പാലം സബ്ജയിലിൽ 18 തടവുകാർക്കും എട്ടു ഉദ്യോഗസ്ഥന്മാർക്കും ആണ് കോവിഡ് സ്ഥിരീകരിച്ചത്.
നിലവിലുള്ള സാഹചര്യം മുതലെടുത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണവും കുറവല്ല. എന്ത് കുറ്റം ചെയ്താലും പോലീസ് ജയിലിലേക്ക് അയക്കില്ല എന്ന വിശ്വാസമാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്.
നിയമ പരിപാലനം ഉറപ്പാക്കാൻ ശ്രമിക്കുന്നതിനിടയിൽ,സ്വന്തം ജീവൻ തന്നെ കോവിഡ് ഭീഷണിയിൽ അകപ്പെട്ടിരിക്കുകയാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്പോഴും ഒന്നും ചെയ്യാൻ കഴിയാതെ മേൽ ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ അനുസരിക്കുക മാത്രമാണ് വിവിധ സ്റ്റേഷനുകളിൽ ഉള്ള ഉദ്യോഗസ്ഥന്മാരുടെ അവസ്ഥ.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടാനും നടപടികൾ എടുക്കുന്നതിനും ശ്രമിക്കുന്നതിനിടയിൽ പലപ്പോഴും ക്വാറന്റീനിൽ പോകേണ്ട സാഹചര്യവും പോലീസ് നേരിടുന്നുണ്ട്. രാഷ്ട്രീയപാർട്ടികൾ സമരങ്ങൾ ശക്തമാക്കിയതോടെ ജനക്കൂട്ടം വർദ്ധിക്കുകയും, കോവിഡ് രോഗബാധ പടർന്നു പിടിക്കാനും സാഹചര്യം ഒരുങ്ങിയിട്ടുണ്ട്.
പോലീസ് പോലീസ് സ്റ്റേഷനുകളുടെ ഉള്ളിലേക്ക് പുറമേനിന്ന് ആരെയും പ്രവേശിപ്പിക്കുന്നി ല്ലെങ്കിലും വിവിധ സ്ഥലങ്ങളിൽ ചെന്ന് ജോലികൾ പൂർത്തിയാക്കി സ്റ്റേഷനുകളിൽ തിരികെയെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്ക് രോഗബാധയേൽക്കാനു ള്ള സാഹചര്യം വളരെ കൂടുതലാണ്.
പോലീസ് സ്റ്റേഷനുകളിൽ കൃത്യമായി സാമൂഹിക അകലം പാലിക്കാൻ വേണ്ടതായ സൗകര്യങ്ങൾ ഇല്ലാത്തതും പ്രശ്നത്തെ ഗുരുതരമാക്കുന്നു