സ്വന്തംലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തെ പോലീസുകാര്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ധം കൂടുന്ന സാഹചര്യത്തില ഡ്യൂട്ടി സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യം ശക്തം.
ഭരണാനുകൂല സംഘടനയായ പോലീസ് അസോസിയേഷന് ഡിജിപി അനില്‍കാന്തിനെ നേരില്‍ കണ്ട് ഡ്യൂട്ടി സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. മൂന്ന് നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നാണ് ഡിജിപിയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്.
പാറാവ്, ജനറല്‍ ഡയറി, ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട പട്രോളിംഗ് എന്നീ ഡ്യൂട്ടികളില്‍ എട്ട് മണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായം കൊണ്ടുവരണം. പോലീസ് സ്റ്റേഷനുകളിലേക്ക് ബറ്റാലിയനില്‍ നിന്നുള്ള വനിതാ പോലീസുകാരരെ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
പോക്സോ, സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സ്റ്റേഷനുകളില്‍ പലപ്പോഴും വനിതാ പോലീസിന്റെ സാന്നിധ്യം കുറവാണ്. മൊഴി രേഖപ്പെടുത്താനെത്തിയ ഒരാള്‍ തിരിച്ചുപോവേണ്ട അവസ്ഥവരെ ഉണ്ടാവുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ബറ്റാലിയനുകളിലെ വനിതാ പോലീസിന്റെ സേവനം സ്റ്റേഷനുകളില്‍ ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. പോലീസിലെ ഡ്രൈവര്‍മാരുടെ എണ്ണവും കുറവാണ്. പല സ്റ്റേഷനുകളിലും സ്പെഷല്‍ സെല്ലുകളിലും ഒരു ഡ്രൈവര്‍ തന്നെ തുടര്‍ച്ചയായി വാഹനമോടിക്കുന്ന സ്ഥിതിയാണുള്ളത്.
അതിനാല്‍ ഡ്രൈവിംഗ് ലൈസന്‍സുള്ള പോലീസുകാര്‍ക്ക് വാഹനമോടിക്കുന്നതിനുള്ള പ്രത്യേക അനുമതി നല്‍കണമെന്നും ഡിജിപിയോട് ആവശ്യപ്പെട്ടു.ജോലി സംബന്ധമായ സമ്മര്‍ദങ്ങളെ തുടര്‍ന്നും പോലീസുകാര്‍ ആത്മഹത്യ ചെയ്യുന്നത് കൂടിവരുന്നതിനെ തുടര്‍ന്നാണ് അസോസിയേഷന് തന്നെ ഡിജിപിയോട് സമയക്രമീകരണമുള്പ്പെടെ നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
അതേസമയം ആഭ്യന്തരവകുപ്പും പോലീസുകാരുടെ സമ്മര്‍ദ്ധം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പോലീസുകാര്‍ക്കുണ്ടാകുന്ന മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന് ഹാറ്റ്സ് (ഹെല്പ് ആന്റ് അസിസ്റ്റന്‍സ് റ്റു ടാക്കിള്‍ സ്ട്രെസ്സ്) പദ്ധതി നടപ്പാക്കിയിട്ടുണ്ട്. 9495363896 എന്ന നമ്പരാണ് ഇതിനായി നല്‍കിയിരിക്കുന്നത്.
മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗണ്‍സലിംഗ് നല്‍കുന്നതിന് തിരുവനന്തപുരത്ത് എസ്എപി ക്യാമ്പില്‍ 2019 ല്‍ ആവിഷ്ക്കരിച്ച പ്രത്യേക പദ്ധതിയാണ് ഹാറ്റ്സ്.
കൗണ്‍സലിംഗ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കാനും അര്‍ഹമായ യാത്രാബത്ത, ദിനബത്ത എന്നിവ നല്‍കാനും നിര്‍ദ്ദേശമുണ്ട്. വിദഗ്ദ്ധരായ മന:ശാസ്ത്രജ്ഞരുടേയും കൗണ്‍സലര്‍മാരുടെയും സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.