കോഴിക്കോട്: സിറ്റി പോലീസില്‍ ജോലി സമയം വര്‍ധിപ്പിച്ചുകൊണ്ട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശം. രാവിലെ എട്ടിനു തന്നെ എല്ലാ പോലീസുകാരും സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് കമ്മീഷണര്‍ എസ്.കാളിരാജ് മഹേഷ്കുമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
തലേദിവസത്തെ കേസുകളെ കുറിച്ചും മറ്റും അറിയുന്നതിനായി രാവിലെയുള്ള സാട്ട (വിവരശേഖരണം) എടുക്കുമ്പോള്‍ പോലീസുകാര്‍ അതത് സ്റ്റേഷനില്‍ ഹാജരായിരിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഓരേ സ്റ്റേഷനിലേക്ക് രാവിലെ എട്ടിനാണ് സാട്ട എടുക്കുന്നതിനുള്ള ഫോണ്‍ കോള്‍ ആരംഭിക്കുന്നത്. കമ്മീഷണറാണ് സാട്ട എടുക്കാറുള്ളത്. എന്നാല്‍ ജോലി സൗകര്യാര്‍ത്ഥം രണ്ട് സബ്ഡിവിഷന് അസി.കമ്മീഷണര്‍മാര്‍ക്ക് ഇത് വിഭജിച്ചു നല്‍കിയിട്ടുണ്ട്. ഇവര്‍ അതത് ഡിവിഷനു കീഴിലുള്ള സ്റ്റേഷനിലേക്ക് വിളിക്കുമ്പോള്‍ അവിടെ എല്ലാ പോലീസുകാരും ഉണ്ടായിരിക്കണമെന്നാണ് പുതിയ നിര്‍ദേശം.
സാട്ട എടുക്കമ്പോള്‍ പോലീസുകാരന്റെ പേര് പറഞ്ഞാല്‍ അപ്പോള്‍ തന്നെ അദ്ദേഹം ഫോണില്‍ സംസാരിച്ച് സ്റ്റേഷനില്‍ ഉണ്ടെന്ന് വ്യക്തമാക്കണമെന്നാന് നിര്‍ദേശം. നിലവിലെ സമയമാറ്റം പോലീസുകാരെ മാനസികമായി ബാധിച്ചിട്ടുണ്ട്. രാവിലെ എട്ട് മണിക്ക് ജോലിയില്‍ കയറിയാല്‍ സ്റ്റേഷന് ഡ്യൂട്ടി കഴിഞ്ഞ് പലപ്പോഴും ഒന്‍പതോടെയാണ് പലരും തിരിക്കാറുള്ളത്.
രാവിലെ എട്ടുമണിയെന്നത് നേരത്തെ ഒന്പതുവരെ അനുവദിച്ചിരുന്നു. എന്നാല്‍ ചട്ടപ്രകാരം എട്ടിനു തന്നെ പോലീസുകാര്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണുള്ളത്. ഇത് അടിസ്ഥാനമാക്കിയാണ് കമ്മീഷണര്‍ ജോലി സമയം കൂട്ടിയത്.
റൂറല്‍ പോലീസ് പരിധിയില്‍ നിന്നുവരെ കോഴിക്കോട് നഗരത്തില്‍ ജോലിക്കായി വരുന്ന പോലീസുകാര്‍ നിരവധിയാണ്. കിലോമീറ്ററോളം യാത്രചെയ്ത് കോഴിക്കോട് നഗരത്തില്‍ എട്ടിന് എത്തുകയെന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് പോലീസുകാര്‍ പറഞ്ഞു.
അതേസമയം കമ്മീഷണറുടെ നടപടി സേനാംഗങ്ങളോടുള്ള പ്രതികാരമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കമ്മീഷണറുടെ വീട്ടിലെ ദാസ്യപ്പണി സംബന്ധിച്ചു വിവരം ചോര്‍ന്നത് പോലീസിനുള്ളില്‍ നിന്നുതന്നെയാണെന്നാണ് കമ്മീഷണര്‍ കരുതുന്നത്. ഇതേതുടര്‍ന്നാണ് പോലീസില്‍ കര്‍ശന നടപടികൊണ്ടുവരുന്നത്.